ന്യൂദല്‍ഹി- 'അച്ചടക്കവും ദേശീയതാ ബോധവു'മുള്ള 'യുവ സേന'യെ വളര്‍ത്തിയെടുക്കാന്‍ എല്ലാ വര്‍ഷവും 10 ലക്ഷം യുവതീ യുവാക്കള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൈനിക പരിശീലനം നല്‍കുന്ന പുതിയ പദ്ധതി നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വച്ചു. ദേശീയ യുവജന ശാക്തീകര പദ്ധതി (എന്‍-യെസ്) എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി 10, 12 ക്ലാസുകള്‍ക്കു ശേഷം കോളെജില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിശ്ചിത സ്റ്റൈപന്റോടു കൂടി 12 മാസം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ് ഇവര്‍ക്ക് നല്‍കുക. സൈന്യം, പാരാമിലിട്ടറി, പോലീസ് സേനകളില്‍ ചേരാനുള്ള നിര്‍ബന്ധ യോഗ്യത ആയും ഈ പരിശീലനം പരിഗണക്കപ്പെടും.
ജൂണ്‍ അവസാന വാരത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് ഈ പദ്ധതി സംബന്ധിച്ച നിര്‍ദേശം ആദ്യമായി മുന്നോട്ടു വയ്ക്കപ്പെട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ, യുവജന വികസന, മാനവശേഷി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രാലയമാണ് യോഗത്തില്‍ പദ്ധതി സംബന്ധിച്ച വിവരണം നടത്തിയത്.
യോഗത്തില്‍ ഏതാനും ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പദ്ധതി എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നു വരുന്ന സൈനിക, സേവന പരിശീലന പരിപാടികളായ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (എന്‍.സി.സി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) എന്നിവയെ ശക്തിപ്പെടുത്തിയാല്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് ഇവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്. മാത്രവുമല്ല പുതിയ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിലും എതിരഭിപ്രായങ്ങളുണ്ട്. സര്‍ക്കാര്‍ ബജറ്റില്‍ എന്‍.സി.സിക്കും എന്‍.എസ്.എസിനും നീക്കിവച്ച ഫണ്ടില്‍ നിന്നും നൈപുണ്യ വികസന മന്ത്രാലയത്തിന്റെ ഫണ്ടും ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫണ്ടുകളും പുതിയ പദ്ധതിക്കായി ഉപയോഗപ്പെടുത്താമെന്നാണ് നിര്‍ദേശം. ഇത് നിലവില്‍ നടന്നു വരുന്ന സമാന പദ്ധതികളായ എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.
പുതിയ പദ്ധതി പ്രകാരം യുവാക്കള്‍ക്ക് സൈനിക പരിശീലനത്തിനു പുറമെ തൊഴിലും ദുരന്ത നിവാരണവും പരിശീലിപ്പിക്കും. യോഗ, ആയുര്‍വേ, പുരാതന ഇന്ത്യന്‍ തത്വശാസ്ത്രം എന്നിവയിലൂടെ ഇന്ത്യന്‍ മൂല്യങ്ങളും യുവാക്കള്‍ക്കു പകര്‍ന്നു കൊടുക്കാനാണ് പദ്ധതി. പ്രധാനമായും ഗ്രാമീണ മേഖലകളിലെ യുവജനങ്ങളെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.