ന്യൂദല്‍ഹി- രണ്ടു തവണ രാജ്യസഭ എംപിയും ദല്‍ഹിയിലെ ബിജെപി വൃത്തങ്ങള്‍ക്കിടയില്‍ പ്രമുഖനുമായ ചന്ദന്‍ മിത്ര പാര്‍ട്ടി വിടാനൊരുങ്ങുന്നതായി സൂചന. ബിജെപിയുടെ ഇംഗ്ലീഷ് ദിനപത്രമായ ദി പയനിയറിന്റെ എഡിറ്റര്‍, മാനേജിങ് ഡയറക്ടര്‍ പദവികള്‍ അദ്ദേഹം രാജിവച്ചു. എന്നാല്‍ രാജി അമിത് ഷാ സ്വീകരിച്ചതായി സ്ഥിരീകരണമില്ല. സുപ്രധാന വിഷയങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാറുള്ള മിത്ര മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയുടെ അടുപ്പക്കാരാനായാണ് അറിയപ്പെടുന്നത്. ഇക്കാരണത്താലാണ് നരേന്ദ്ര മോഡി-അമിത് ഷാ നേതൃത്വം ചന്ദന്‍ മിത്രയെ അരുക്കാക്കിയതെന്ന് കരുതപ്പെടുന്നു. അഡ്വാനി ക്യാമ്പിലെ പ്രധാനി ആയാണ് മുതിര്‍ന്ന ബിജെപി നേതാവ് ചന്ദന്‍ മിത്രയെ വിശേഷിപ്പിച്ചത്. രണ്ടു ടേമുകളിലായി 2003 മുതല്‍ 2016 വരെ രാജ്യസഭയില്‍ ബിജെപി എംപിയായിരുന്നു മിത്ര.
2014-ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം നിരന്തരം ഇദ്ദേഹം നിരന്തരം അവഗണന നേരിട്ടു വരികയാണ്. പിന്നീട് പാര്‍ട്ടിയെ വിമര്‍ശിച്ചു തുടങ്ങി. മേയില്‍ യുപിയിലെ കൈരാന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടപ്പോഴും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.