Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ ജയരാജനും ഷംസീറിനുമെതിരെ കൊലവിളി; 'കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്ന്' ബി.ജെ.പി

കണ്ണൂർ - കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ആർ.എസ്.എസ്-ബി.ജെ.പി പ്രകോപനം. സ്പീക്കർ എ.എൻ ഷംസീറിനും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനുമെതിരെയാണ് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ പ്രകടനം നടത്തിയത്. തലശ്ശേരി പള്ളൂരിലാണ് സംഭവം. ഇരുവരുടെയും കൈയും തലയും വെട്ടി കാളീപൂജ നടത്തുമെന്നാണ് പ്രതിഷേധ പ്രകടനത്തിലെ ഭീഷണി.
'ഞങ്ങളൊന്ന് തിരിച്ചടിച്ചാൽ മോർച്ചറിയൊന്നും തികയില്ല... ഹിന്ദുക്കളുടെ നേരെ വന്നാൽ, കയ്യും കൊത്തും തലയും കൊത്തും, ഒറ്റകൈയ്യാ ജയരാജാ, ഓർത്തുകളിച്ചോ സുക്ഷിച്ചോ' 
'മോർച്ചറിയൊന്ന് ഒരുക്കുന്നുണ്ട്, നിനക്കുവേണ്ടി ജയരാജാ.. ഓർത്തു കളിച്ചോ ഷംസീറേ.. ഹിന്ദുക്കളുടെ നേരെ വന്നാൽ, കൈയും കൊത്തി തലയും കൊത്തി, കാളീപൂജ നടത്തും ഞങ്ങൾ' എന്നിങ്ങനെയാണ് പ്രകടനത്തിൽ മുദ്രാവാക്യം വിളിയുണ്ടായത്.
 ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അങ്കാളപ്പിൽ ദിനേശൻ, പള്ളൂരിലെ സി.പി.എം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു വധക്കേസിലെ പ്രതി കരീക്കുന്നുമ്മൽ സുനി, ചാലക്കരയിലെ ഷിനോജ്, പന്തക്കലിലെ കുന്നുമ്മൽ മഹേഷ്, അവറോത്ത് പാലത്തിനടുത്ത സച്ചു, പൂശാരികോവിലിനടുത്ത ശ്രീജിൽ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ 15 പേരാണ് പ്രകടനത്തിലുണ്ടായിരുന്നത്. 
 ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞദിവസം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഗണേഷ് സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഭീഷണി മുഴക്കി തലശ്ശേരിയിൽ പ്രസംഗിച്ചിരുന്നു. മാപ്പ് പറഞ്ഞില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നും കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിന്റെ കൈ പോയതും യുവമോർച്ച നേതാവ് ഓർമിപ്പിച്ചിരുന്നു. ഇതിനെതിരെ സി.പി.എം നേതാവ് പി ജയരാജൻ രംഗത്തുവന്നിരുന്നു. ഷംസീറിനെതിരെ കൈയോങ്ങിയാൽ സ്ഥാനം മോർച്ചറിയായിരിക്കുമെന്നായിരുന്നു ജയരാജന്റെ മുന്നറിയിപ്പ്. ഈ വിവാദത്തിന്റെ തുടർച്ചയാണ് സംഘപരിവാർ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി കണ്ണൂരിലേക്ക് വരേണ്ടി വരുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും പ്രതികരിച്ചിരുന്നു. തിരുവോണ നാളിൽ പി ജയരാജനുനേരെ നടന്ന ആക്രമണം ഓർമിപ്പിച്ചായിരുന്നു സന്ദീപിന്റെ ഭീഷണി. എന്നാൽ, ആരെയും ഭീഷണിപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആർ.എസ്.എസ് കരുതേണ്ടെന്നും യുവമോർച്ചക്കാർക്കു മനസ്സിലാകുന്ന മറുപടിയാണ് നൽകിയതെന്നും ആർക്കും ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്മസിനോ എപ്പോൾ വേണമെങ്കിലും കണ്ണൂരിലേക്ക് വരാമെന്നുമാണ് പി ജയരാജൻ ഇതോടായി എഫ്.ബിയിൽ പ്രതികരിച്ചത്. 'ഭൗതികതയിൽ ഉറച്ചുനിൽക്കുക, ആത്മീയതയിൽ തൊട്ടുനിൽക്കുക' എന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ നിൽപ്പിനെക്കുറിച്ചുള്ള മനോഹരമായൊരു ആഖ്യാനവും അദ്ദേഹം വിശദീകരിച്ചു. നിർഭാഗ്യവശാൽ അതിന്റെ നേർവിപരീതമാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്നും ജയരാജൻ എഫ്.ബിയിൽ കുറിച്ചു.
 

Latest News