ലഖ്‌നൗ - ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ പിലിഭിത്തി ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശി രാം പാലിനെ( 55)യാണ് ഭാര്യ ദുലാരോ ദേവി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ച് കഷണങ്ങളാക്കി വെട്ടി നുറുക്കിയാണ് കാനാലില്‍ എറിഞ്ഞത്. പിതാവിനെ കാണാനില്ലെന്ന മകന്‍ സണ്‍പാലിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. രാംപാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ദുലാരോ ദേവി ഗ്രാമത്തില്‍ തിരിച്ചെത്തിയത്. രാംപാലിനെ കാണാതായ ശേഷം ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ദുലാരോ ദേവി കുറ്റം സമ്മതിക്കുകയായിരുന്നു.