ന്യൂദല്‍ഹി- കടുത്ത മുസ്ലിം വിരുദ്ധതയും വര്‍ഗീയ വിദ്വേഷവും പടര്‍ത്തുന്ന വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന സംഘപരിവാര്‍ അനുകൂല വാര്‍ത്താ വെബ്‌സൈറ്റ് പോസ്റ്റ് കാര്‍ഡ് ഡോട്ട് ന്യൂസിന്റെ പേജ് ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്കിന്റെ സേവന നയങ്ങള്‍ ലംഘിക്കുന്നവരെ ഒന്നും പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഞായറാഴ്ച മുതല്‍ പേജില്‍ ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോസ്റ്റ് കാര്‍ഡ് സ്ഥാപകനും ഉടമയുമായ മഹേശ് വിക്രം ഹെഗ്‌ഡെ പറഞ്ഞു. ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. മൂന്ന് ദിവസത്തേക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നെങ്കിലും പിന്നീട് പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് പൊടുന്നനെ ഡിലീറ്റ് ചെയ്യപ്പെടുകയായിരുന്നു.
വ്യാജ വാര്‍ത്തകള്‍ പൊളിച്ചടുക്കുന്ന ഓള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റാണ് ഇതിനു പിന്നിലെന്ന് ഹെഗ്‌ഡെ ആരോപിക്കുന്നു. 'അവര്‍ മാസ് റിപ്പോര്‍ട്ടിങ് നടത്തിയാണ് ഞങ്ങളുടെ പേജ് പൂട്ടിച്ചത്. പോസ്റ്റ് കാര്‍ഡ് മോഡി അനുകൂല ദേശീയവാദ അനുകൂല വെബ്‌സൈറ്റാണ്. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തികളാണ് ഞങ്ങള്‍ വാര്‍ത്തയാക്കുന്നത്. എന്നാല്‍ ഞങ്ങള്‍ വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്നാണ് അവരുടെ പ്രചാരണം. അതു കൊണ്ട് ഇത് മോഡിക്കും സര്‍ക്കാരിനും വിരുദ്ധമായ നീക്കമാണ്. പരാതി ഉന്നയിച്ച് ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പരാതി അയച്ചിട്ടുണ്ട്. അവര്‍ എന്തെങ്കിലും ചെയ്യും,' ഹെഗ്‌ഡെ പറയുന്നു. പോസ്റ്റ് കാര്‍ഡിന്റെ ഫേസ്ബുക്ക് പേജിന് അഞ്ചു ലക്ഷം ഫോളോവേഴ്‌സ് ആണ് ഉണ്ടായിരുന്നത്.
വര്‍ഗീയ വിദ്വേഷം പരത്തുന്ന വ്യാജ വാര്‍ത്ത നല്‍കിയതിന് മാര്‍ച്ചില്‍ കര്‍ണാടക പോലീസ് പോസ്റ്റ് കാര്‍ഡ് എഡിറ്റര്‍ കൂടിയായ ഹെഗ്‌ഡെയെ അറസ്റ്റ് ചെയ്തിരുന്നു. ബൈക്കപകടത്തില്‍ പരിക്കേറ്റ ജൈന സന്യാസിയുടെ ചിത്രം ഉപയോഗിച്ച് മുസ്ലിം യുവാക്കള്‍ ആക്രമിച്ച സന്യാസി എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ കടുത്ത വര്‍ഗീത നിറഞ്ഞ വാര്‍ത്തകള്‍ക്കു മാത്രമാണ് ഇടമുള്ളത്.