ന്യൂദൽഹി-ദൽഹിയിൽനിന്ന് മുംബൈയിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ 24 കാരി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 47 കാരനായ പ്രൊഫസറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പ്രൊഫസർ രോഹിത് ശ്രീവാസ്തവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചതായി പോലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ 5.30 ഓടെ ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ പട്‌ന സ്വദേശിയായ ശ്രീവാസ്തവയും ദൽഹിയിൽ നിന്നുള്ള ഡോക്ടറും അടുത്തടുത്താണ് ഇരുന്നിരുന്നതെന്ന് സഹാർ പോലീസ് പറഞ്ഞു.യാത്രയ്ക്കിടെ ശ്രീവാസ്തവ മനപ്പൂർവ്വം തന്നെ അനുചിതമായി സ്പർശിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് പേരും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നും ജീവനക്കാർക്ക് ഇടപെടേണ്ടി വന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ശേഷം, അധികൃതർ രണ്ട് യാത്രക്കാരെയും സഹാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ എഫ്ഐആർ ഫയൽ ചെയ്ത ശേഷം ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. .
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ശ്രീവാസ്തവയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തശേഷം പ്രൊഫസറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.