Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പാല്‍മാരുടെ നിയമനത്തില്‍ മന്ത്രി ആര്‍.ബിന്ദു അനധികൃമായി ഇടപെട്ടു, പട്ടിക തിരുത്തി

തിരുവനന്തപുരം - സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരായി നിയമിക്കേണ്ട പട്ടിക ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇടപെട്ട് മാറ്റി. വിവരാവകാശ രേഖയിലാണ്  ഇത് സംബന്ധിച്ച കാര്യങ്ങള്‍ പുറത്ത് വന്നത്. പ്രിന്‍സിപ്പല്‍മാരാകാന്‍ 110 പേരാണ്  അപേക്ഷ നല്‍കിയത്. ഇവരിയില്‍ അയോഗ്യരായവരെ മാറ്റി 43 പേരുടെ അന്തിമ പട്ടികയാണ്  യുജിസി റഗുലേഷന്‍ പ്രകാരം രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയത്.  സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ച 43 പേരുടെ അന്തിമ പട്ടികയില്‍ തിരുത്തല്‍ വരുത്തിക്കൊണ്ട് പുതിയ പട്ടിക തയ്യാറാക്കാന്‍ മന്ത്രി ആര്‍.ബിന്ദു നിര്‍ദ്ദേശിക്കുകയായിരുന്നു. പട്ടികയില്‍നിന്നു തഴയപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു മന്ത്രിയുടെ ഇടപെടല്‍. സെലക്ഷന്‍ കമ്മറ്റി രൂപീകരിച്ച പട്ടികയെ കരടു പട്ടികയായി കണക്കാക്കാനും അപ്പീല്‍ കമ്മിറ്റി രൂപീകരിക്കാനും 2022 നവംബര്‍ 12നു മന്ത്രി ഇ-ഫയലില്‍ നിര്‍ദേശിച്ചു. മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് അന്തിമപട്ടികയെ കരടു പട്ടികയാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ജനുവരി 11 പ്രസിദ്ധീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവത്കരിച്ച അപ്പീല്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അയോഗ്യരാക്കിയവരെ കൂടി ഉള്‍പ്പെടുത്തി 76 പേരുടെ പട്ടിക തയാറാക്കിയത്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് 43 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതിന് പകരം 76 പേരുടെ പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ ഈ നീക്കത്തിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തടയിടുകയായിരുന്നു. കഴിഞ്ഞ 24ന് ട്രൈബ്യുണല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ 43 പേരുടെ പട്ടികയില്‍ നിന്ന് മാത്രമേ നിയമനം നടത്താവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് മന്ത്രിയുടെ ഇടപെടല്‍ നടക്കാതെ പോയത്.

 

Latest News