Sorry, you need to enable JavaScript to visit this website.

പ്ലസ് വൺ സീറ്റ്: സർക്കാർ നിലപാട് മലപ്പുറത്തോടുള്ള അവഹേളനം- എസ്.ഡി.പി.ഐ

മലപ്പുറം- പ്ലസ് വൺ പ്രവേശനത്തിന് വീണ്ടും താൽക്കാലിക ബാച്ചുകൾ അനുവദിച്ച് തട്ടിക്കൂട്ട് നാടകങ്ങൾ നടത്തുന്ന സർക്കാർ നിലപാട് മലപ്പുറത്തെ അവഹേളിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്.പതിനായിരക്കണക്കിന് കുട്ടികൾക്ക് സീറ്റില്ലെന്നത് വ്യക്തമായ യാഥാർത്ഥ്യമായി മുന്നിലുള്ളപ്പോഴും ശാശ്വത പരിഹാരം കാണാൻ ശ്രമിക്കാത്തത് എന്ത് കൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണം. തെക്കൻ ജില്ലകളിൽ ഒരു ക്ലാസിൽ 50 കുട്ടികൾ ഇരുന്ന് പഠിക്കുമ്പോൾ മലപ്പുറത്ത് 65 കൂട്ടികൾ പഠിക്കേണ്ട സാഹചര്യമാണ്. എന്നിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ല.
8338 പേരാണ് നിലവിൽ സർക്കാറിന്റെ കനിവും കാത്തിരിക്കുന്നത്. അതിലേക്കാണ് കേവലം 53 താൽക്കാലിക ബാച്ചുകൾ മാത്രം അനുവദിച്ച് പ്രശ്നങ്ങൾ പരിഹരിച്ചെന്ന മേനി നടിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഇത് മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്.സംസ്ഥാനത്തെ മൊത്തം സീറ്റുകളുടെ എണ്ണം നിരത്തി എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യത്തിന് സീറ്റുണ്ടെന്ന് സമർത്ഥിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ആദ്യം ശ്രമിച്ചത്. എന്നാൽ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് പുതിയ താത്ക്കാലിക ബാച്ചെങ്കിലും അനുവദിക്കുന്നതിലൂടെ തന്റെ നിലപാട് തെറ്റായിരുന്നു എന്ന് മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്.ഭരണത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാതെ ഇപ്പോൾ സമരം ചെയ്യുന്ന മുസ്്‌ലിം ലീഗ് നിലപാട് അവരുടെ കഴിവുകേടാണ് വ്യക്തമാക്കുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയെ ഈ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിൽ മുസ്്‌ലിം ലീഗിനും അവർ പ്രതിനിധാനം ചെയ്യുന്ന യു.ഡി.എഫിനും പങ്കുണ്ട്.താത്ക്കാലിക തട്ടിക്കൂട്ട് നാടകങ്ങളല്ല. സ്ഥിരമായ ബാച്ചുകൾ അനുവദിച്ചും ഹൈസ്‌കൂളുകൾ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്തും മലപ്പുറത്തിന് സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചും പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. ബീരാൻ കുട്ടി ജനറൽ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുർഷിദ് ഷമീം, മുസ്തഫ പാമങ്ങാടൻ, ട്രഷറർ കെ.സി സലാം തുടങ്ങിയവർ  സംസാരിച്ചു.

Latest News