ന്യൂദൽഹി- മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ച് ഇന്ത്യ പ്രതിപക്ഷ സഖ്യം. ഇന്ത്യ സഖ്യത്തിലെ എം.പിമാർ ശനിയും ഞായറും മണിപ്പൂരിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്രസർക്കാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭ സ്പീക്കർ അംഗീകരിച്ച സാഹചര്യത്തിലാണ് മണിപ്പൂരിലേക്ക് എം.പിമാരെ അയക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചത്. ഇന്ത്യ സഖ്യത്തിലെ എം.പിമാർ ഈ മാസം 29, 30 തീയതികളിലായി മണിപ്പൂർ സന്ദർശിക്കുമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ പറഞ്ഞു. സഖ്യ പാർട്ടികളിൽ നിന്നുള്ള ഇരുപതിലധികം പേരുള്ള സംഘമാണ് മണിപ്പൂർ സന്ദർശിക്കുകയെന്നും നേതാക്കൾ പറഞ്ഞു. അതിനിടെ, മണിപ്പൂരിനെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായ ആറാം ദിവസവും പാർലിമെന്റ് സതംഭിച്ചു. ഇന്നു ഇരുസഭകളിലും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പല തവണ ഇരുസഭകളും നിർത്തിവെച്ചു. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് പ്രതിപക്ഷ എം പിമാർ ഇന്നലെ സഭയിലെത്തിയത്. മണിപ്പൂർ വിഷയം ചർച്ച ചെയ്യാത്തതിലും പ്രധാനമന്ത്രി നരേന്ദ്രമോഡി സഭയിൽ പ്രസ്താവന നടത്താതിലും പ്രതിഷേധിച്ചാണ് കറുത്ത വസ്ത്രം ധരിച്ചെത്തിയതെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞു. സഭാധ്യക്ഷന്മാർ എത്തിയതിന് പിന്നാലെ ലോക്സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങി. രാജ്യസഭ ആരംഭിച്ച പതിനഞ്ച് മിനുട്ട് തികയുന്നതിന് മുമ്പ് തന്നെ പ്രതിഷേധത്തെത്തുടർന്ന് രണ്ട്് മണിവരെ നിർത്തിവെച്ചു. രാജ്യസഭയിൽ വിദേശകാര്യ നയത്തെ കുറിച്ച് സംസാരിച്ച മന്ത്രി എസ് ജയ്ശങ്കറിന്റെ പ്രസംഗം തടസപ്പെടുത്തി. മോഡി വായ തുറക്കണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയർത്തി. എന്നാൽ മോഡി ജയ് മുദ്രവാക്യവുമായി ഭരണപക്ഷവും രംഗത്തെത്തി. ഇതോടെ ക്ഷുഭിതനായ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ രണ്ട് മണിവരെ നിർത്തിവെച്ചു. പിന്നീട് ചേർന്നപ്പോഴും പ്രതിഷേധം ശക്തമായി. ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സഭാധ്യക്ഷൻ ആവർത്തിച്ചതോടെ പ്രതിപക്ഷ കക്ഷികൾ രാജ്യസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം ഉയർന്നു.അടിയന്തരപ്രമേയം അംഗീകരിച്ച് ലോക്സഭയിൽ ചർച്ച വേണമെന്നും പ്രധാനമന്ത്രി സഭയിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എം പിമാർ പ്ലക്കാഡുകളുമായി നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ ആദ്യം രണ്ട് മണിവരെ നിർത്തിവെക്കുകയും പിന്നീട് ഇന്നലത്തേക്ക് പിരിയുകയും ചെയ്തു. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിലും പ്രതിഷേധം സംഘടിപ്പിച്ചു. മണിപ്പൂരിന്റെ മുറിവിൽ പ്രധാനമന്ത്രി ഉപ്പ് തേക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷം അവിശ്വാസം പ്രമേയം നൽകിയിരിക്കുകയാണ്. അതിന് പത്ത് ദിവസത്തെ സമയമുണ്ടെന്ന് പാർലിമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പ്രതികരിച്ചു. അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും മോഡി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പ്രഹ്ലാദ് കൂട്ടിച്ചേർത്തു. അവിശ്വാസം നേരിടാൻ സർക്കാർ തയ്യാറാണെന്നും തങ്ങൾക്ക് മതിയായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ, സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ രാജ്യസഭ പാസ്സാക്കി. അതേസമയം, കേന്ദ്രസർക്കാറിനെതിരെ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടതില്ലെന്ന് ബിഎസ്പിയും വൈഎസ്ആർ കോൺഗ്രസ്സും തീരുമാനിച്ചിട്ടുണ്ട്. സർക്കാറിനെ പരാജയപ്പെടുത്താൻ കഴിയാത്ത ഇത്തരം നീക്കങ്ങളിൽ ഇടപേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് അവിശ്വാസ പ്രമേയത്തെ പിന്തുണക്കേണ്ടെന്ന് തീരുമാനിച്ചത്. കോൺഗ്രസ്സ് എംപി ഗൗരവ് ഗൊഗോയി ബി.ആർ.എസ് എം.പി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.