പട്‌ന- മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രേമോഡി ഉറക്കം നടിക്കുകയാണെന്ന് കുറ്റപ്പെടുത്തി ബി.ജെ.പിയുടെ ബിഹാർ വക്താവ് രാജിവെച്ചു. വിനോദ് ശർമ്മയാണ് രാജിവെച്ചത്. രാജ്യത്തെ അപമാനിക്കുന്നതാണ് മണിപ്പൂർ സംഭവം. പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്. മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല. ഇതുപോലെ സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന അനവധി സംഭവങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ ബിരേൻ സിംഗിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണ്. ഇതുപോലൊരു സംഭവം പുറത്തുവന്നപ്പോൾ തന്നെ സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും മാറ്റേണ്ടതായിരുന്നു. ഒരു മനുഷ്യൻ എന്ന നിലക്ക് എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതുപോലൊരു സംഭവം രാജ്യത്ത് ഒരിടത്തും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദക്കും കത്തയച്ചിട്ടുണ്ടെന്ന് വിനോദ് ശർമ്മ പറഞ്ഞു.