തിരുവനന്തപുരം- കാലവർഷക്കെടുതികൾ വിലയിരുത്തി നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.
ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കളക്ടർമാർ കൂടുതൽ ജാഗ്രത പുലർത്തണം. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടി സ്വീകരിക്കണം. പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണം. അടിയന്തരസാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമായിരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ അസുഖമുള്ളവരുണ്ടെങ്കിൽ അവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ ജില്ലാ കളക്ടർമാരുമായി കാലവർഷ കെടുതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലയിൽ 12 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 284 കുടുംബങ്ങളിലെ 1007 പേരാണ് ക്യാമ്പുകളിലുള്ളത്. ചെല്ലാനത്ത് കടലാക്രമണത്തെ തുടർന്ന് തീരത്ത് സ്ഥാപിച്ചിരുന്ന ജിയോ ബാഗുകൾ നശിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ അഞ്ച് താലൂക്കുകളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആലപ്പുഴയുടെ തീരമേഖലയിലും കടലാക്രമണമുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം പമ്പ് ചെയ്ത് മാറ്റുന്നതിനുള്ള ഹെവി പമ്പുകൾ പ്രവർത്തനക്ഷമമാണോയെന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴയിൽ കൃഷി വകുപ്പും മൈനർ ഇറിഗേഷൻ വകുപ്പുമായി സഹകരിച്ച് പ്രവർത്തനം നടത്താൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
തൃശൂരിൽ കൊടുങ്ങല്ലൂർ, ചാവക്കാട് എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. ഇവിടെ അഞ്ച് ക്യാമ്പുകളിലായി 146 പേർ കഴിയുന്നു. 49 വീടുകൾ ഭാഗികമായും രണ്ടെണ്ണം പൂർണമായും തകർന്നു. കൊല്ലം ജില്ലയിൽ 32 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും നശിച്ചു. കൊറ്റങ്കരയിലും ഓച്ചിറയിലും രണ്ടു ക്യാമ്പുകളിലായി 79 പേരെ താമസിപ്പിച്ചിട്ടുണ്ട്. കാസർകോട് തോടുകൾ കരകവിഞ്ഞൊഴുകുന്നുണ്ട്. കടലാക്രമണത്തിൽ രണ്ടു വീടുകൾ തകർന്നു. ഇവിടെ കഴിഞ്ഞിരുന്നവരെ ബന്ധു വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂരിൽ കനത്ത കാറ്റിനെ തുടർന്ന് 20 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. കൂർഗ് കണ്ണൂർ റോഡിൽ ചെറിയ വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്. പാലക്കാട് പുഴയുടെ തീരങ്ങളിലുള്ള വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. അകത്തേത്തറയിൽ ആരംഭിച്ച ക്യാമ്പിൽ 50 പേരുണ്ട്. നെൽകൃഷി നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ നടപടി സ്വീകരിക്കും. നെല്ലിയാമ്പതിയിൽ വീടുകളിൽ വെള്ളം കയറിയതിനാൽ ഇവിടെയും ക്യാമ്പ് തുറന്നിട്ടുണ്ട്. മംഗലം ഡാമിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഏഴു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ടു ക്യാമ്പുകളിലായി 128 പേർ കഴിയുന്നു. വയനാട്ടിൽ 23 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ജില്ലയിലെ രണ്ടു ഡാമുകൾ തുറന്നു. കൃഷിയും റോഡുകളും മഴയെ തുടർന്ന് നശിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാലു ക്യാമ്പുകളിൽ 33 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ തുറക്കേണ്ട സ്ഥിതിയില്ലെന്ന് കളക്ടർ അറിയിച്ചു.പത്തനംതിട്ട തിരുവല്ലയിൽ 18 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. മല്ലപ്പള്ളിയിൽ മൂന്നു ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 198 വീടുകൾ ഭാഗികമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. 21 ക്യാമ്പുകളിലായി 218 കുടുംബങ്ങൾ കഴിയുന്നു. 35 ലക്ഷം രൂപയുടെ നഷ്ടം രണ്ടു ദിവസത്തെ മഴയിൽ ഉണ്ടായിട്ടുണ്ട്. കോട്ടയത്ത് 27 ക്യാമ്പുകളിൽ 794 പേർ കഴിയുന്നു. രണ്ടു സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി. 138 വീടുകൾ പൂർണമായും രണ്ടു വീടുകൾ പൂർണമായും തകർന്നു. 33.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ആയിരം ഹെക്ടർ നെൽവയൽ വെള്ളത്തിനടിയിലായി. തിരുവനന്തപുരം ജില്ലയിൽ നാലു വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും നശിച്ചിട്ടുണ്ട്.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ, പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്രിൻസിപ്പൽ സെക്രട്ടറി കോഓർഡിനേഷൻ വി. എസ്. സെന്തിൽ, ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.