തിരുവനന്തപുരം - ഒടുവില്‍ മൈക്കിനും ആപ്ലിഫയറിനും ഇനി കോടതി കയറേണ്ട. ഈ രണ്ട് ഉപകരണങ്ങളുടെയും പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായ കേസ് അവസാനിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെ പി സി സി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ സ്വമേധയാ എടുത്ത കേസാണ് അവസാനിപ്പിച്ചു കൊണ്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നത്. പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതും കോടതിയില്‍ ഹാജരാക്കി. മൈക്കിന്റെ പ്രവര്‍ത്തനത്തില്‍ അപകാതയുണ്ടായത് ആരുടെയെങ്കിലും ബോധപൂര്‍വമായ പ്രവര്‍ത്തി കൊണ്ടല്ലെന്ന് പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൈക്കും ആപ്ലിഫയറും പിടിച്ചെടുത്തുകൊണ്ടുള്ള പോലീസ് നടപടിയില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കും എതിരെ വ്യാപക പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത് വലിയ ചര്‍ച്ചയായപ്പോഴാണ് കേസ് അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറായത്.