ഗ്വാളിയോർ- പാക്കിസ്ഥാനിലെ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതിക്കെതിരെ വീണ്ടും പരാമർശവുമായി അച്ഛൻ. പാക്കിസ്ഥാൻ യുവാവ് നസ്റുല്ലയെ വിവാഹം ചെയ്ത അഞ്ജു കുടുംബത്തിന് മരിച്ചതുപോലെയാണെന്ന് അച്ഛൻ ഗയാ പ്രസാദ് തോമസ് പറഞ്ഞു. മകളുടെ പ്രവൃത്തിയിൽ ദുഃഖവും നിരാശയും രേഖപ്പെടുത്തിയ ഗയാ തോമസ് അവൾ മരിക്കുന്നതാണ് നല്ലതെന്നും ഇന്ത്യയിലേക്ക് തിരിച്ചുവരാൻ അവൾക്ക് അവകാശമില്ലെന്നും വ്യക്തമാക്കി. തിരികെ വന്നാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും. അവൾ ചെയ്തത് തെറ്റാണ്, അത് ചെയ്യുന്ന ആളുകൾ ശിക്ഷ അർഹിക്കുന്നു, -ഗയാ പ്രസാദ് തോമസ് പറഞ്ഞു.
വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ അഞ്ജു കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെത്തി ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തത്. തന്റെ രണ്ടു മക്കളുടെ അവകാശം അഞ്ജുവിന് ഇല്ലെന്നും തോമസ് പറഞ്ഞു. ഇന്ത്യ മാന്യമായ രാജ്യമാണ്. അവൾ ചെയ്തതിൽ ഞാൻ ലജ്ജിക്കുകയും സർക്കാരിനോട് മാപ്പ് പറയുകയും ചെയ്തു. തന്റെ രണ്ട് കുട്ടികളെ കൊണ്ടുപോകാൻ അവൾക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവളെ തൊടാൻ മക്കളെ അനുവദിക്കരുത്. അവളുടെ പ്രവൃത്തിയും പേരും ഞങ്ങൾക്ക് കളങ്കമാണ്, അതിനാൽ എന്റെ പേര് എന്റെ മകളുടെ പേരിൽ നിന്ന് നീക്കം ചെയ്യാൻ ഞാൻ കേന്ദ്ര സർക്കാറിനോട് അഭ്യർത്ഥിക്കുകയാണ്.
ഭിവാഡി സ്വദേശിനിയാണ് അഞ്ജു. സാധുവായ വിസ നേടിയാണ് അഞ്ജു പാക്കിസ്ഥാനിലേക്ക് പോയത്. ഞങ്ങൾക്ക് അവളുമായി (അഞ്ജു) ഒരു ബന്ധവുമില്ല. അവൾ ഇന്ത്യ വിട്ട നിമിഷം അവളുമായുള്ള എല്ലാ ബന്ധങ്ങളും ഞങ്ങൾ വിച്ഛേദിച്ചു, എന്റെ മകൾക്ക് ഇത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവൾ ചെയ്തത് വളരെ ലജ്ജാകരമാണ്.' ഗയാ പ്രസാദ് പറഞ്ഞു. ജയ്പൂരിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടിൽനിന്ന് പോയതെന്ന് ഭർത്താവ് പറഞ്ഞു.
ഒരു ദിവസം രാത്രി എനിക്കൊരു വോയ്സ് കോൾ വന്നു. ഞാൻ ലാഹോറിലാണെന്ന് അവൾ പറഞ്ഞു. എന്തിനാണ് അവൾ ലാഹോറിൽ പോയതെന്നും വിസയും മറ്റും എങ്ങനെ കിട്ടിയെന്നും എനിക്കറിയില്ല. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്ന് അവൾ എന്നെ അറിയിച്ചിരുന്നുവെന്നും ഭർത്താവ് പറഞ്ഞിരുന്നു.