ന്യൂദല്‍ഹി-കേന്ദ്രത്തിനെതിരായ പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടെന്ന് ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും. പ്രമേയം, ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിനിടെ മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നടപടിയും സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി.
കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തില്‍ അടുത്തയാഴ്ച ചര്‍ച്ച നടക്കും. കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആര്‍എസ് എംപി നമോ നാഗേശ്വര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്. നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കര്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി.
അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗൗരവ് ഗൊഗോയി പറഞ്ഞു. രാഹുല്‍ ഗാന്ധിയും സഭയില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അവിശ്വാസ ചര്‍ച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താന്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്.
അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിര്‍മ്മാണവും പാടില്ലെന്ന എന്‍കെ പ്രേമചന്ദ്രന്റെ വാദത്തില്‍ സ്പീക്കര്‍ നാളെ റൂളിംഗ് നല്‍കും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോഡി അവിശ്വാസ പ്രമേയം നേരിടാന്‍ പോകുന്നത്. മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാന്‍ നോക്കിയ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തിനായി.