ടിക്കറ്റും വിസയുമുണ്ടായിട്ടും യാത്ര അനുവദിച്ചില്ല, വിമാനക്കമ്പനി ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

ന്യൂദൽഹി- സാധുവായ ടിക്കറ്റും വിസയും ബോർഡിംഗ് പാസും ഉണ്ടായിട്ടും യാത്രക്കാരന് ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ അനുമതി നൽകാത്ത കുവൈത്ത് എയർവേഴ്‌സ് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സംഗീതാ ധിംഗ്ര, അംഗങ്ങളായ പിങ്കി, ജെപി അഗർവാൾ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.  ഷമീമുദ്ദീൻ എന്ന വ്യക്തിയുടെ പരാതിയിലാണ് ഉത്തരവ്. സാധുവായ രേഖകളുണ്ടായിട്ടും യാത്ര നിഷേധിക്കുന്നത് വലിയ മാനസിക വേദനയും ശാരീരിക അസ്വാസ്ഥ്യവും അപമാനവും വൈകാരിക ആഘാതവും ജീവിതത്തിലുടനീളമുണ്ടാക്കുന്നതാണെന്ന് ബഞ്ച് വ്യക്തമാക്കി. പരാതിക്കാരനായ ഷമീമുദ്ദീൻ 2019 ഫെബ്രുവരിയിൽ ദൽഹിയിൽ നിന്ന് കുവൈത്ത് വഴി ലണ്ടനിലേക്ക് പോകുന്ന കുവൈത്ത് എയർവേയ്സ് വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, കുവൈത്തിൽ എത്തിയപ്പോൾ, മോശം പ്രൊഫൈൽ ചൂണ്ടിക്കാട്ടി വിമാന കമ്പനി  ലണ്ടനിലേക്കുള്ള വിമാനത്തിൽ കയറാൻ അനുവദിച്ചില്ല. തുടർന്ന്   ഇന്ത്യൻ എയർലൈൻസിന്റെ ടിക്കറ്റ് വാങ്ങി യു കെയിലെ ബിർമിംഗ്ഹാമിലേക്ക് ഒരു പ്രശ്‌നവുമില്ലാതെ യാത്ര ചെയ്തു. തുടർന്ന് കുവൈത്ത് എയർവേയ്സിനെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. 

Latest News