ഷുഹൈബ് വധത്തില്‍ ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി
ന്യൂദല്‍ഹി- മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. ഹരജി പരിഗണനക്കെടുത്തപ്പോള്‍ തന്നെ നീട്ടിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ഇതിനെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എതിര്‍ത്തു. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.
ക്രിമിനല്‍ കേസുകളില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതിനു പകരം സുപ്രീംകോടതിയെ സമീപിക്കണമെന്ന പഴയ മലബാര്‍ പ്രവിശ്യാ നിയമം അനുസരിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി നിലനില്‍ക്കില്ലെന്ന് കപില്‍ സിബല്‍ വാദിച്ചു. കൊലപാതകം നടന്ന സ്ഥലമായ കണ്ണൂര്‍ മലബാര്‍ പ്രദേശത്തില്‍പ്പെട്ടതാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ഹൈക്കോടതിയിലാണ് അറിയിക്കേണ്ടതെന്ന് സര്‍ക്കാര്‍ വാദിച്ചു. കൂടാതെ ഹരജിയുടെ നിയമസാധുതയെയും സര്‍ക്കാര്‍ ചോദ്യംചെയ്തു. ഇതോടെ ഹരജിയുടെ സാധുത വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ രണ്ടംഗ ബെഞ്ച്, ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാമെന്ന് അറിയിച്ചു.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ കണ്ണൂരില്‍ 106 പേര്‍ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നവരില്‍ ഭൂരിഭാഗവും സി.പി.എം പ്രവര്‍ത്തകരാണെന്നും വ്യക്തമാക്കുന്ന കണക്കുകള്‍ കപില്‍ സിബല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഷുഹൈബിന്റെ പിതാവ് മുഹമ്മദും മാതാവ് റസിയയും നല്‍കിയ ഹരജിയാണ് വെള്ളിയാഴ്ചത്തേക്കു മാറ്റിയത്. ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് നടന്നതെന്നും പ്രതികള്‍ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി നേരത്തേ വിസമ്മതിച്ചിരുന്നു. ഇതിനിടെ ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായോ പി. ജയജരാജനുമായോ ബന്ധമില്ലെന്നും കൊലപാതകത്തിന്് പിന്നില്‍ സി.പി.എം നേതാക്കള്‍ ഗൂഢാലോചന നടത്തി എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം സി.ബി.ഐക്കു വിടണമെന്ന ആവശ്യം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.