Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിൽ വിസക്ക് ഇന്ത്യയിൽ പരീക്ഷ പാസാകണം; കേരളത്തിലെ കേന്ദ്രം കൊച്ചിയിൽ

റിയാദ് - നിർമാണമേഖലയിലടക്കം ഇന്ത്യയിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ഭാഗമായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഏർപ്പെടുത്തിയ നൈപുണ്യ പരിശോധന പ്രോഗ്രാമിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഇതോടെ 71 ഇനം വിസകൾ സ്റ്റാമ്പ് ചെയ്യണമെങ്കിൽ പാസ്‌പോർട്ടിനൊപ്പം നൈപുണ്യപരീക്ഷ സർട്ടിഫിക്കറ്റ് കൂടി ഹാജറാക്കേണ്ടിവരും. കേരളത്തിൽ അങ്കമാലിയിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷാകേന്ദ്രം.
 ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, ഓട്ടോമേറ്റീവ് ഇലക്ട്രീഷ്യൻ, ഹീറ്റിംഗ് വെന്റിലേഷൻ ആന്റ് എസി, വെൽഡിംഗ് എന്നീ ട്രേഡുകളിൽ 29 ലേബർ വിസകൾക്കാണ് ആദ്യഘട്ടമെന്ന നിലയിൽ ജൂൺ ഒന്നു മുതൽ നൈപുണ്യപരീക്ഷ ആരംഭിച്ചത്. കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിംഗ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഇന്ന് മുതൽ പരീക്ഷ പ്രഖ്യാപിച്ചത്. എന്നാൽ, ഈ പ്രൊഫഷനുകൾക്ക് ഇതുവരെ അപോയിൻമെന്റ് നൽകൽ തുടങ്ങിയിട്ടില്ല.
നിശ്ചിത പ്രൊഫഷനുകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്‌പോർട്ടുകൾ വിസ സ്റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് സൗദി എംബസിയും മുംബൈ കോൺസുലേറ്റും ഏജൻസികളെ അറിയിച്ചിരിക്കുന്നത്. എറാണകുളത്തെ ഇറാം ടെക്‌നോളജീസിന് പുറമെ ഒറീസയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരക്പൂർ, ലക്‌നോ, ബീഹാറിലെ ഗോപാൽകഞ്ച്, കൊൽകത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും വിവിധ ഏജൻസികളുടെ കീഴിൽ അംഗീകൃത പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ യാതൊരു സർട്ടിഫിക്കറ്റും ആവശ്യമില്ല. https://svpinternational.pacc.sa/home വെബ്‌സൈറ്റിൽ കയറി പാസ്‌പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ നൽകി രജിസ്റ്റർ ചെയ്യുകയാണ് ഉദ്യോഗാർത്ഥികൾ ആദ്യം ചെയ്യേണ്ടത്. ശേഷം ഇന്ത്യ സെലക്ട് ചെയ്ത് ട്രേഡ് തെരഞ്ഞെടുക്കണം. അപ്പോൾ പരീക്ഷയുടെ സെന്റർ കാണിക്കും. ശേഷം അപോയിൻമെന്റ് എടുക്കണം. 50 ഡോളർ അടച്ച് പരീക്ഷക്ക് തയ്യാറാകണം. നിശ്ചിത തിയ്യതിയിൽ പരീക്ഷക്ക് സെന്ററിൽ ഹാജറാവുകയും വേണം.
സൗദി തൊഴിൽമന്ത്രാലയത്തിന് കീഴിലെ തകാമുൽ വിഭാഗം നേരിട്ടാണ് പരീക്ഷ നടത്തുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് പോലെ ആദ്യം കമ്പ്യൂട്ടർ പരീക്ഷയും ശേഷം പ്രാക്ടിക്കൽ പരീക്ഷയുമുണ്ടാകും. ഓൺലൈൻ ടെസ്റ്റിൽ വിജയിക്കുന്നവരാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കേണ്ടത്. പരീക്ഷ കാമറ വഴി തകാമുൽ ഉദ്യോഗസ്ഥർ നിരീക്ഷിക്കും. 
 യോഗ്യത പരീക്ഷ പാസാകുന്നതോടെ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ഇമെയിൽ വഴിയോ സൈറ്റിൽ ലോഗിൻ ചെയ്‌തോ എടുക്കാനാകും. ഈ സർട്ടിഫിക്കറ്റാണ് വിസ സ്റ്റാമ്പ് ചെയ്യാൻ പാസ്‌പോർട്ടിനൊപ്പം നൽകേണ്ടത്.
സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലകളിലേക്കുമുള്ള ലേബർ വിസകൾക്കും ഘട്ടംഘട്ടമായി പരീക്ഷ നിർബന്ധമാക്കുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്. ഇതിനായി തൊഴിൽ മേഖലയെ 29 ട്രേഡുകളായി ക്രമീകരിച്ച് എല്ലാ ലേബർ പ്രൊഫഷനുകളെയും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവിദഗ്ധ തൊഴിലാളികൾക്ക് പകരം എല്ലാ മേഖലകളിലും വിദഗ്ധ തൊഴിലാളികളെ കൊണ്ടുവരുന്നതിന്റെ ഭാഗമാണ് സൗദി ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ഈ പരീക്ഷ നിർബന്ധമാക്കിയത്. 
 പരീക്ഷ പാസാകുന്നതോടെ ഇതുവരെ സർട്ടിഫിക്കറ്റില്ലാത്തവർക്ക് അംഗീകൃത സർട്ടിഫിക്കറ്റും അതോടൊപ്പം മികച്ച അവസരങ്ങളും ലഭിക്കുമെന്ന സവിശേഷത കൂടിയുണ്ട്. പരീക്ഷ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അങ്കമാലിയിലെ ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ സേവനങ്ങൾ ലഭിക്കും. പരിശീലനം ആവശ്യമുള്ളവർക്ക് ഇറാം സ്‌കിൽസ് അക്കാദമിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തൊഴിലന്വേഷകർക്ക് ഏറ്റവും നല്ല പരിശീലനവും പരീക്ഷാസൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ ഓസ്റ്റിൻ മലയാളം ന്യൂസിനോട് പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ഇൻഡോ അറബ് കോ ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സെന്ററിന്റെ ഉടമ.

Latest News