തിരുവനന്തപുരം - കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമെന്നോണം 97 താത്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിൽ 57 ബാച്ചുകൾ സർക്കാർ സ്കൂളുകളിലും 40 ബാച്ചുകൾ എയ്ഡഡ് മേഖലയിലുമാണ് അനുവദിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ ബാച്ചുകൾ മലപ്പുറം ജില്ലയിലാണ് അനുവദിച്ചത്.
5820 അധിക സീറ്റുകളാണ് അനുവദിച്ചത്. പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 കണ്ണൂർ 10, കാസർകോട് 15 എന്നിങ്ങനെയാണ് പുതിയ ബാച്ചുകൾ അനുവദിച്ചത്. സയൻസ് 17, ഹ്യുമനിറ്റിസ് 52, കൊമേഴ്സ് 28 ബാച്ചുകളാണ് അനുവദിച്ചത്.
കഴിഞ്ഞ വർഷം അനുവദിച്ച 83 അധിക ബാച്ചുകൾ ഇത്തവണയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം 1, തൃശൂർ 5, പാലക്കാട് 14, കോഴിക്കോട് 18, മലപ്പുറം 31, വയനാട് 2, കണ്ണൂർ 9, കാസർകോട് 1 എന്നിങ്ങനെയാണ് കഴിഞ്ഞവർഷം അനുവദിച്ച അധിക ബാച്ചുകൾ. കൂടാതെ ആദിവാസി, ഗോത്ര മേഖയിലെ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കാൻ നല്ലൂർനാട്, കൽപറ്റ മോഡൽ റെസിഡഷ്യൽ സ്കൂളുകൾക്ക് അനുവദിച്ച ഹ്യുമാനിറ്റീസ് ബാച്ചുകൾ ഇത്തവണയും തുടരും. 83 ബാച്ചുകൾക്ക് പുറമെ വിവിധ ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ കൂടി മലപ്പുറം ജില്ലയിലേക്ക് മാറ്റിയിട്ടുണ്ട്. 12 സയൻസ് ബാച്ചുകളും രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
സീറ്റ് കിട്ടാത്തത് പുതിയ കാര്യമല്ലെന്നും 2016ന് മുമ്പ് പ്രശ്നം സങ്കീർണമായിരുന്നുവെന്നും ഇടത് സർക്കാരാണ് വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയതെന്നും മന്ത്രി ചോദ്യങ്ങളോടായി പ്രതികരിച്ചു. വിഷയം രാഷ്ട്രീയമാക്കി മാറ്റുന്നത് ശരിയല്ല. മലപ്പുറത്ത് അൺ എയ്ഡഡ് സ്കൂളുകൾ 90 ശതമാനവും അനുവദിച്ചത് യു.ഡി.എഫ് ആണ്, ഞങ്ങളല്ല. 1990നു ശേഷം മുസ്ലിം ലീഗ് 15 വർഷം വിദ്യാഭ്യാസ വകുപ്പ് ഭരിച്ചു. അന്ന് ലീഗ് ചെറുവിരൽ അനക്കിയില്ല. കുട്ടികൾ കുറഞ്ഞ ബാച്ചുകൾ ആവശ്യമുള്ള സ്ഥലത്തേക്ക് മാറ്റും. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. അതിനിടെ, അധിക ബാച്ചുകൾ അനുവദിച്ചാലും 5158 കുട്ടികൾക്ക് മലപ്പുറം ജില്ലയിൽ സീറ്റുണ്ടാവില്ലെന്നാണ് കണക്കുകൾ.