തിരുവനന്തപുരം - ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിനുണ്ടായ തടസ്സത്തിൽ കേസെടുത്തതിൽ വിശദീകരണവുമായി പോലീസ്. 'നടക്കുന്നത് പരിശോധന മാത്രമാണ്. മൈക്കും ആംപ്ലിഫയറും മറ്റും ഇലക്ട്രിക്കൽ ഇൻസ്പെക്റേറ്റിൽ പരിശോധനക്കയക്കാൻ കേസെടുക്കണം. അതുകൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പലതരത്തിലുളള അഭ്യൂഹങ്ങൾ വന്നപ്പോൾ പരിശോധിക്കാൻ പോലീസ് തീരുമാനിക്കുകയായിരുന്നുവെന്നും' പോലീസ് പറഞ്ഞു.
മൈക്ക് തകരാറായ സംഭവത്തിൽ കേസെടുത്ത് എഫ്ഐആറിട്ടിരിക്കുകയാണ് പോലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
എന്നാൽ, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായതെന്നുമാണ് മൈക്ക് ഓപറേറ്റർ രഞ്ജിത് പറഞ്ഞത്. തിരക്കിൽ ആളുകളുടെ കൈ കൺസോളിൽ തട്ടിയതാണ് ശബ്ദം കൂടാൻ കാരണമെന്നും 10 സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.
കന്റോൺമെന്റ് സി.ഐ വിളിച്ചപ്പോഴാണ് കേസ് വിവരം അറിഞ്ഞത്. കേസെടുത്തുവെന്ന് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. 17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു കേസനുഭവം ആദ്യമാണ്. കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും തിരികെ ലഭിച്ചിട്ടില്ല. പരിശോധനയ്ക്കു ശേഷം തിരികെ നൽകുമെന്നാണ് പറഞ്ഞത്. പരിപാടികൾക്കിടയിൽ ഹൗളിങ് സാധാരണമാണെങ്കിലും തിരക്കിനിടയിൽ കൺസോളിന്റെ സമീപമെത്താൻ ഓപ്പറേറ്റർക്ക് 10 സെക്കൻഡിൽ താഴെ സമയം മാത്രമേ വേണ്ടിവന്നുള്ളൂവെന്നും രഞ്ജിത് പറഞ്ഞു.