Sorry, you need to enable JavaScript to visit this website.

എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം - സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എറണാകുളം മുതൽ കാസർകോട് വരെ എട്ടു ജിലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. തിരുവനന്തപുരം മുതൽ ഇടുക്കി വരെ മഴ മുന്നറിയിപ്പില്ല. 
 സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ലെങ്കിലും കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രം അവധി നൽകിയിട്ടുണ്ട്. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ഏഴ് സ്‌കൂളുകൾക്ക് ജൂലൈ 26ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു. വയനാട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. 
 അതിനിടെ, ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ തുടരുകയാണ്. മഹാരാഷ്ട്രയിൽ മഴ വീണ്ടും ശക്തിയാർജിച്ചിട്ടുണ്ട്. ഇന്ന് റായ്ഗഡ്, രത്‌നഗിരി, പൂനെ, സത്താര എന്നീ ജില്ലകളിൽ റെഡ് അലർട്ട് ആണ്. മുംബൈ താനെ പാൽഖർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴയിൽ വ്യാപക നാശനഷ്ടമുണ്ടായ ഉത്തരാഖണ്ഡിലും മിന്നൽ പ്രളയമുണ്ടായ ഹിമാചൽ പ്രദേശിലും മറ്റും ദേശീയ ദുരന്ത നിവാരണ സേനയടക്കം അതീവ ജാഗ്രതയിൽ പ്രവർത്തനം തുടരുകയാണ്.

Latest News