Sorry, you need to enable JavaScript to visit this website.

മൂന്നു പേർ എന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മണിപ്പൂർ യുവതിയുടെ വെളിപ്പെടുത്തൽ

ഇംഫാൽ- കലാപം രൂക്ഷമായ മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്രമണങ്ങൾ സംബന്ധിച്ച് ഓരോ ദിവസവും പുഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇരകൾ തന്നെയാണ് തങ്ങൾ അനുഭവിച്ച കൊടുംക്രൂരത വിവരിക്കുന്നത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ 19-കാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തു. ഇംഫാലിൽനിന്ന് രക്ഷപ്പെടുന്നതിനിടെ എ.ടി.എമ്മിൽ പണമെടുക്കാൻ പോയപ്പോഴാണ് സംഘം തട്ടിക്കൊണ്ടുപോയത്. 
തന്നെ മലയോര മേഖലയിലേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് മൂന്ന് പേർ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. തോക്കിന്റെ അടിഭാം കൊണ്ട് അടിച്ചെന്നും ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും അവർ പറഞ്ഞു. മെയ് 15 ന് ആളുകൾ അവളെ താഴ്വര ആസ്ഥാനമായുള്ള ഒരു വിമത ഗ്രൂപ്പിന് കൈമാറുകയും ചെയ്തു. 
'എന്നെ നാല് പേർ വെള്ള ബൊലേറോയിൽ കൊണ്ടുപോയി. അവർ എന്നെ കൊണ്ടുപോകുമ്പോൾ, ഡ്രൈവർ ഒഴികെ മൂന്ന് പേർ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് എന്നെ ഒരു കുന്നിലേക്ക് കൊണ്ടുപോയി, അവിടെ അവർ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. എന്നോട് അതിക്രൂരമായാണ് അവർ പെരുമാറിയത്. രാത്രി മുഴുവൻ എനിക്ക് കഴിക്കാൻ ഒന്നും തന്നില്ല. വെള്ളം പോലും തന്നില്ല. രാവിലെ എങ്ങനെയെങ്കിലും വാഷ്‌റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞപ്പോഴാണ് എന്നെ കെട്ടഴിച്ചത്. അപ്പോഴാണ് ഞാൻ കണ്ണുതുറന്ന് ചുറ്റും നോക്കാൻ ശ്രമിച്ചതും മലയിറങ്ങി ഓടാൻ തീരുമാനിച്ചതും. 
പച്ചക്കറി കൂമ്പാരത്തിനടിയിൽ ഒളിച്ചിരുന്ന എന്നെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. ഒടുവിൽ കാംഗ്പോപ്പിയിലെത്തി. അവിടെ നിന്ന് അയൽസംസ്ഥാനമായ നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തുവെന്ന് യുവതി പറഞ്ഞു. ഇത് സംബന്ധിച്ച് കാംഗ്പോപി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്. ജൂലൈ 21 ന് മാത്രമാണ് തനിക്ക് പോലീസിൽ പരാതി നൽകാൻ കഴിഞ്ഞതെന്നും യുവതി പറഞ്ഞു.
കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, കൊലപാതക ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോകൽ എന്നിവയ്ക്ക് ഇംഫാലിലെ പോറമ്പാട്ട് പോലീസ് സ്റ്റേഷനിലും പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് രണ്ടു മാസമായിട്ടും ഇതേവരെ പ്രതികളെ കണ്ടെത്താനോ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ആരോപണം ശരിവെക്കുന്ന തെളിവുകളുടെ അഭാവം അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണെന്നാണ് പോലീസ് പറയുന്നത്.  ഈ തെളിവുകളുടെ അഭാവമാണ് അവളെപ്പോലുള്ള സ്ത്രീകൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്ക ചോദ്യചിഹ്നമായി നിൽക്കുന്നത്.
 

Latest News