തിരുവനന്തപുരം - മാറനല്ലൂരിൽ സി.പി.ഐ നേതാവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സുധീർ ഖാന്റെ മുഖത്ത് ആസിഡ് ഒഴിച്ച് മുങ്ങിയ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ. മധുരയിലെ ലോഡ്ജിലാണ് പ്രതിയും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ സജി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറങ്ങുകയായിരുന്ന സുധീർഖാന്റെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. 45 ശതമാനം പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും മെഡിക്കൽ കോളജിൽ തീവ്ര പരിചരണവിഭാഗത്തിലാണ്. ക്ഷീരോൽപാദക സഹകരണ സംഘവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആക്രമണത്തിന് ശേഷം സംസ്ഥാനം വിട്ട സജികുമാർ തമിഴ്‌നാട്ടിലുണ്ടെന്ന് ടവർ ലൊക്കേഷൻ നോക്കി പോലീസ് മനസ്സിലാക്കിയിരുന്നു. ഇയാളെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് മധുരയിൽ ലോഡ്ജ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.