Sorry, you need to enable JavaScript to visit this website.

മണിപ്പൂർ പ്രശ്‌നം: 'ഇന്ത്യ' നീക്കത്തിൽ ഞെട്ടി കേന്ദ്രം; സഹകരിക്കണം, പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ച് അമിത് ഷാ

ന്യൂഡൽഹി - ഗുജറാത്തിന് പിന്നാലെ മണിപ്പൂർ ജനതയെയും വംശീയമായി ഇല്ലാതാക്കുന്ന മണിപ്പൂർ കലാപത്തിൽ പ്രതിപക്ഷ പാർട്ടികളുടെ അതിരൂക്ഷമായ പ്രതികരണങ്ങളോട് മുഖം തിരിച്ച കേന്ദ്ര സർക്കാർ ഒടുവിൽ വഴങ്ങുന്നു. ഇതിന്റെ ഭാഗമായി മണിപ്പൂർ വിഷയം പാർല്ലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലേയും രാജ്യസഭയിലേയും കോൺഗ്രസ് പാർല്ലമെന്ററി പാർട്ടി നേതാക്കൾക്ക് കത്തയച്ചു.
 ലോക്‌സഭയിലെ കോൺഗ്രസ് പാർല്ലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കുമാണ് അമിത് ഷാ കത്തയച്ചത്. മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ സന്നദ്ധത അറിയിച്ച് പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ച വിവരം അമിത് ഷാ ഇന്ന് സഭയെ അറിയിച്ചിട്ടുണ്ട്. വർഷകാല സമ്മേളനത്തിന്റെ തുടക്കം മുതൽ മണിപ്പുർ കലാപത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർല്ലമെന്റിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. സർക്കാരിനെതിരെ മണിപ്പുർ വിഷയം ചൂണ്ടിക്കാട്ടി അവിശ്വാസ പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യം നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്രം ഒടുവിൽ തിടുക്കപ്പെട്ട് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്.
 'കക്ഷി രാഷ്ട്രീയത്തിന് അതീതമായി മണിപ്പുർ വിഷയം ചർച്ച ചെയ്യാൻ എല്ലാ പാർട്ടികളുടേയും സഹകരണം തേടുന്നു. ഈ സുപ്രധാന പ്രശ്‌നം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്' പ്രതിപക്ഷ നേതാക്കൾക്കയച്ച കത്തിനൊപ്പം അമിത് ഷാ ട്വീറ്റ് ചെയ്തു. 


 

Latest News