ന്യൂദൽഹി-ഹിൻഡൻ നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഗ്രേറ്റർ നോയിഡയിലെ തുറന്ന ഗ്രൗണ്ടിൽ ഇരുന്നൂറിലധികം കാറുകൾ മുങ്ങി. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്-3 ന് സമീപത്തുനിന്നുള്ള ദൃശ്യങ്ങൾ വൈറലായി. നിരനിരയായി നിർത്തിയിട്ട ഇരുന്നൂറോളം കാറുകളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. ഹിൻഡണിലെ ജലനിരപ്പ് ഉയർന്നതോടെ ശനിയാഴ്ച നദിയോട് ചേർന്നുള്ള വീടുകളിൽ നിന്ന് നിരവധി പേരെ ഒഴിപ്പിച്ചിരുന്നു. നോയിഡ സെക്ടർ 63ലെ ഇക്കോടെക്കും ചിജാർസിയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പ്രളയബാധിത പ്രദേശങ്ങളാണ്. നോയിഡയിലും ദൽഹിയുടെ മറ്റ് ഭാഗങ്ങളിലും ഇന്നലെ പുലർച്ചെ മഴ പെയ്തു. ഇന്നലെ ഉച്ചവരെ, യമുനാ നദി അപകടകരമായ 205.33 മീറ്ററിലാണ് ഒഴുകുന്നത്. യമുനയുടെ കൈവഴിയാണ് ഹിൻഡൻ നദി.
ദൽഹിയെ സംബന്ധിച്ചിടത്തോളം, ഞങ്ങൾക്ക് കാര്യമായ മഴയുടെ മുന്നറിയിപ്പ് ഇല്ല. പക്ഷേ ഉയർന്ന ഈർപ്പവും ഉയർന്ന താപനിലയും പ്രതീക്ഷിക്കാം. ന്യൂദൽഹിയിലും നേരിയതോ മിതമായതോ ആയ മഴ പെയ്തേക്കാമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിലെ (ഐ.എം.ഡി) ശാസ്ത്രജ്ഞനായ ആർ.കെ ജെനാമണിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഐ.എം.ഡി ജാഗ്രതാ നിർദേശം നൽകി. സൗരാഷ്ട്ര-കച്ച് മേഖലയിലും മധ്യ മഹാരാഷ്ട്രയിലും ഗോവയിലും കർണാടക തീരപ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മഴ കുറഞ്ഞതിനാൽ ഗുജറാത്തിലെ വെള്ളപ്പൊക്ക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്.