ന്യൂദൽഹി- പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരം നാളിതുവരെ രാജ്യത്ത് 22 പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യം നിലവിൽ പരിഗണിച്ചിട്ടില്ലെന്ന് കേന്ദ്രം. ഡോ. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
പതിറ്റാണ്ടുകളായുള്ള കേരളത്തിന്റെ ആവശ്യമാണ് എയിംസ് അനുവദിക്കുക എന്നുള്ളത്. ഇതിലേക്കായി അനുയോജ്യമായ നാല് സ്ഥലങ്ങൾ കേരള ഗവൺമെന്റ് കണ്ടെത്തി ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം സമ്മതിച്ചു. എന്നിട്ടും കേരളത്തിന് ഈ ഘട്ടത്തിലും എയിംസ് അനുവദിക്കുന്നില്ല എന്നുള്ളത് ഖേദകരമായ കാര്യമാണ്. എത്രയും പെട്ടെന്ന് കേരളത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജോൺ ബ്രിട്ടാസ് എം.പി ആവശ്യപ്പെട്ടു.
സ്വകാര്യ പെട്രോളിയം കമ്പനികൾ നടത്തുന്ന ഇന്ധന പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് നൽകുന്ന ഡിസ്‌കൗണ്ടുകളുടെ വെളിച്ചത്തിൽ സമാനമായ കിഴിവുകൾ പൊതുമേഖല കമ്പനികളുടെ പമ്പുകളിൽ നൽകുമോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാർ ഉത്തരം നൽകിയില്ല. ഇത് സംബന്ധിച്ച് ഡോ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിനാണ് വ്യക്തമായ മറുപടി നൽകാതെ കേന്ദ്രസർക്കാർ ഒഴിഞ്ഞു മാറിയത്.
നിലവിൽ കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സ്വകാര്യ പെട്രോളിയം പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലിറ്ററിന് ഒരു രൂപയും മറ്റും ഡിസ്‌കൗണ്ടുകൾ നൽകി വരുന്നുണ്ട്. ഇതിൽ നിന്നും പൊതുമേഖല പെട്രോൾ പമ്പുകളിൽ ഇങ്ങനെ ഒരു ഇളവും നൽകാതെ കൊള്ള ലാഭമാണ് ഉണ്ടാക്കുന്നത് എന്നത് വ്യക്തമാണ്. ഇത് സംബന്ധിച്ച് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പൊതുസ്വകാര്യ മേഖല കമ്പനികളുടെ ഇന്ധന പമ്പുകളിൽ പെട്രോൾ, ഡീസൽ വില സംബന്ധിച്ച് അവർക്ക് സ്വതന്ത്രമായി യുക്തമായ തീരുമാനമെടുക്കാം എന്ന ഒഴുക്കൻ മറുപടിയാണ് കേന്ദ്രസർക്കാർ നൽകിയത്.