ന്യൂദല്‍ഹി- മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ തീവ്ര നിലപാട് സ്വീകരിക്കുന്ന കേന്ദ്രം സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഭരണഘടന ലംഘിക്കുമ്പോഴും ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി. നാഗാലാന്‍ഡില്‍ മുന്‍സിപ്പല്‍, ടൗണ്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ മൂന്നില്‍ ഒന്ന് വനിതാ സംവരണം നടപ്പിലാക്കാത്തതില്‍ നിലപാട് സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയം ചോദ്യം ചെയ്താണ് സുപ്രീംകോടതി കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ നിങ്ങള്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നു. എന്നാല്‍ നിങ്ങളുടെ സ്വന്തം സംസ്ഥാന സര്‍ക്കാറുകള്‍ ഭരണഘടന ലംഘിക്കുമ്പോള്‍ ഒന്നും പറയുന്നില്ലെന്ന് ജസ്റ്റിസുമാരായ എസ് കെ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. കേന്ദ്രത്തിന് ഈ വിഷയത്തില്‍ നിന്ന് കൈകഴുകാനാകില്ലെന്നും ബഞ്ച് വ്യക്തമാക്കി. ബി ജെ പി ഇതര സര്‍ക്കാറുകള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന നടപടിയും ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാടും താതമ്യപ്പെടുത്തുന്ന താരത്തിലാണ് കോടതിയുടെ വിമര്‍ശനം. ഭരണഘടനപരമായ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് താല്‍പ്പര്യമില്ലന്ന വിമര്‍ശനവും ബഞ്ച് ഉന്നയിച്ചു. ഭരണഘടന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം തയ്യാറല്ലെന്ന് കോടതിയെകൊണ്ട് പറയപ്പിക്കരുതെന്നും ബഞ്ച് പറഞ്ഞു. കഴിഞ്ഞ തവണ വിഷയം പരിഗണിച്ചപ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണ വിഷയത്തില്‍ നാഗാലാന്‍ഡ് സംസ്ഥാനത്ത് എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ഭരണഘടനാപരമായ സംവരണ പദ്ധതി നാഗാലാന്‍ഡ് സംസ്ഥാനത്തിലേക്കും വ്യാപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതായി കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് ചൊവ്വാഴ്ച കോടതിയില്‍ വാക്കാല്‍ പറഞ്ഞു.