ജിദ്ദ - ലൈത്തില്‍ 12,265 റിയാലിന്റെ ബില്‍ ലഭിച്ച് ഞെട്ടിയിരിക്കുകയാണ് സൗദി പൗരന്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ 28 ദിവസത്തെ വൈദ്യുതി ഉപയോഗത്തിനാണ് ഇത്രയും ഭീമമായ ബില്‍ ലഭിച്ചിരിക്കുന്നത്. ബില്‍ തുക കുതിച്ചുയര്‍ന്നതിനാല്‍ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിഛേദിച്ചതായും ബില്‍ വ്യക്തമാക്കുന്നു. ലൈത്തില്‍ ഭീമമായ വൈദ്യുതി ബില്‍ ലഭിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മറ്റൊരു സൗദി പൗരന് 11,000 റിയാലിന്റെ ബില്ലാണ് ലഭിച്ചത്.
ബില്‍ പുനഃപരിശോധിക്കണമെന്ന് സൗദി പൗരന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് ആവശ്യപ്പെട്ടു. റീഡിംഗ് എടുത്തതിലോ ഉപഭോഗ നിരക്ക് കണക്കാക്കിയതിലോ കമ്പനിക്ക് പിഴവ് സംഭവിച്ചതാകാനാണ് സാധ്യതയെന്ന് സൗദി പൗരന്‍ പറഞ്ഞു. ലൈത്തിലെ ഗ്രാമപ്രദേശങ്ങളില്‍ മീറ്റര്‍ റീഡിംഗ് എടുക്കുന്നതിന് വൈകുന്നതാണ് ഭീമമായ തുകയുടെ ബില്‍ ലഭിക്കുന്നതിന് കാരണമെന്ന് ചിലര്‍ പറയുന്നു. മൂന്നു മാസത്തിലധികം പിന്നിട്ട ശേഷമാണ് ഇവിടുത്തെ പല ഗ്രാമങ്ങളില്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതെന്ന് ഇവര്‍ പറയുന്നു.