നൗ- ചരിത്രം തിരുത്തി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര. ആറ് മാസത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഉത്തർപ്രദേശിലെ കസഗഞ്ച് സ്വദേശിയായ സഞ്ജയ് ജാദവ് പൊലീസ് അകമ്പടിയോടെ വിവാഹ ഘോഷയാത്ര നടത്തിയത്.
സംഘർഷ സാധ്യത നിലനിൽക്കുന്ന കസഗഞ്ചിലെ ബസായിഗ്രാമത്തിൽ നിന്നും നിസാംപുരിലെ വധൂഗൃഹത്തിലേക്ക് ആചാരപ്രകാരം കുതിരപ്പുറത്തായിരുന്നു സഞ്ജയ് പുറപ്പെട്ടത്. ജാദവ് വിഭാഗത്തിൽപ്പെട്ടവരുടെ ആചാരമാണ് 'ബരാത്' എന്നറിയപ്പെടുന്ന വിവാഹ ഘോഷയാത്ര. എന്നാൽ വർഷങ്ങളായി ഠാക്കൂർ വിഭാഗക്കാർ ഇത്തരം ഘോഷയാത്ര നടത്താൻ ജാദവ് വിഭാഗക്കാരെ അനുവദിച്ചിരുന്നില്ല. ഠാക്കൂർ വിഭാഗത്തിൽപ്പെട്ടവർ ദളിത് വിഭാഗങ്ങളെ അക്രമിക്കുന്നതും സ്ഥിരം വാർത്തയായിരുന്നു.എന്നാൽ ഇതിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ച സഞ്ജയ് അനുവാദം ലഭിക്കാത്തതിനെത്തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് മുതൽ അലഹബാദ് ഹൈക്കോടതിയെ വരെ സമീപിച്ചായിരുന്നു വിവാഹ ഘോഷയാത്രക്കുളള അനുമതി നേടിയെടുത്തത്. ഘോഷയാത്രയ്ക്ക് അനുമതി ലഭിച്ചതോടെ സഞ്ജയ്ക്ക് സുരക്ഷയൊരുക്കാൻ വലിയ പൊലീസ് സന്നാഹമാണ് എത്തിയത്.
10 പൊലീസ് ഇൻസ്‌പെക്ടർമാർ, 22 സബ് ഇൻസ്‌പെക്ടർമാർ, 35 ഹെഡ്‌കോൺസ്റ്റബിൾമാർ, 100 കോൺസ്റ്റബിൾമാർ എന്നിവരടങ്ങുന്ന സംഘമായിരുന്നു വിവാഹ ഘോഷയാത്രക്ക് സുരക്ഷയൊരുക്കിയത്.