ബീജിംഗ്- ഒരു മാസത്തെ പൊതു ചുമതലകളിൽ നിന്ന് വിട്ടുനിന്ന ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗിനെ തൽസ്ഥാനത്ത്‌നിന്ന് നീക്കി. പകരം അദ്ദേഹത്തിന്റെ മുൻഗാമിയായ വാങ്‌യിയെ നിയമിച്ചു. ക്വിൻ ഗാംഗിന് എന്താണ് സംഭവിച്ചത് എന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളുണ്ടായിരുന്നു. 57 കാരനായ ക്വിൻ, യു.എസിലെ ചൈനയുടെ ദൂതനായിരുന്നു. പിന്നീടാണ് വിദേശമന്ത്രിയായത്. എന്നാൽ ജൂൺ 25 ന് ബീജിംഗിൽ സന്ദർശകരായെത്തിയ നയതന്ത്രജ്ഞരെ കണ്ടതിന് ശേഷം പൊതുവേദികളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇന്തോനേഷ്യയിൽ നടന്ന ഒരു അന്താരാഷ്ട്ര നയതന്ത്ര ഉച്ചകോടിയിൽ ചൈനീസ് മന്ത്രി പങ്കെടുത്തിരുന്നില്ല. ആരോഗ്യകാരണങ്ങളാണ് വിട്ടുനിൽക്കാൻ ഇടയാക്കിയത് എന്നായിരുന്നു വിദേശമന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ പിന്നീട് അദ്ദേഹത്തെ പറ്റി ഒരു വിവരവുമുണ്ടായില്ല.
ക്വിനിന്റെ അഭാവത്തിൽ 69 കാരനായ വാങ് വീണ്ടും മന്ത്രിയായി. 2018 നും 2022 നും ഇടയിൽ വാങ് മന്ത്രിയായിരുന്നു. മന്ത്രിയെ മാറ്റുന്നതിനുള്ള കാരണങ്ങളെക്കുറിച്ച് അഭിപ്രായത്തിനുള്ള അഭ്യർത്ഥനയോട് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചില്ല.