പോലീസിനെതിരെ ബി.ജെ.പി
ബെംഗളൂരു-കോളേജ് ശുചിമുറിയിൽ വിദ്യാർത്ഥിനികളുടെ സ്വകാര്യദൃശ്യം ചിത്രീകരിച്ച സംഭവത്തിന് എതിരെ പ്രതികരിച്ച ആക്ടിവിസ്റ്റിന്റെ കുടുംബത്തെ കർണാടക പോലീസ് മർദ്ദിച്ചതായി ആരോപണം. ആക്ഷേപകരമായ വീഡിയോകൾ റെക്കോർഡുചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആക്ടിവിസ്റ്റിനെ ഉപദ്രവിക്കുകയാണന്ന് ബി.ജെ.പി വിമർശിച്ചു. ഭയം ജനിപ്പിക്കാൻ വനിതാ പ്രവർത്തകയുടെ വസതിയിലേക്ക് പോലീസിനെ അയച്ചത് എന്തിനായിരുന്നുവെന്ന് ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗം ബസനഗൗഡ പാട്ടീൽ യത്നാൽ ചോദിച്ചു. സത്യം പറഞ്ഞതിന് പോലീസ് പീഡഡിപ്പിക്കുകയാണ്. ഉഡുപ്പി പോലീസാണ് ഇത് ചെയ്യുന്നത്. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ജില്ലാ പോലീസ് സൂപ്രണ്ടിനെതിരെ ഡി.ജി.പിയും ഐ.ജി.പിയും നടപടിയെടുക്കണം. അദ്ദേഹത്തിന് രാഷ്ട്രീയം പിന്തുടരണമെങ്കിൽ രാജിവച്ച് രാഷ്ട്രീയത്തിൽ ചേരട്ടെ-യത്നാൽ പറഞ്ഞു. വനിതാ ആക്ടിവിസ്റ്റ് രശ്മി സാമന്തിനെ ആക്രമിച്ചുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഞാൻ ഉഡുപ്പിയിൽ നിന്നാണ്, നൂറുകണക്കിന് ഹിന്ദു പെൺകുട്ടികളെ റെക്കോർഡുചെയ്യാൻ കോളേജിലെ സ്ത്രീ ടോയ്ലറ്റുകളിൽ ക്യാമറ സ്ഥാപിച്ച അലിമത്തുൽ ഷാഫിയ, ഷബാനാസ്, ആലിയ എന്നിവരെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. അക്രമികൾ വീഡിയോകളും ഫോട്ടോകളും കമ്മ്യൂണിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. പോസ്റ്റ് വൈറലാകുകയും വർഗീയ ചേരിതിരിവിന് കർണാടകയിലെ തീരദേശ പ്രദേശങ്ങളിൽ പ്രശ്‌നമുണ്ടാകുകയും ചെയ്തു. തിങ്കളാഴ്ച രാത്രി ഇവരുടെ വീട്ടിൽ കയറി വീട്ടുകാരെ ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു സംഘം പോലീസുകാർ രശ്മി സാമന്തിന്റെ വസതിയിലെത്തി. ആ സമയം അവർ വീട്ടിൽ ഇല്ലാതിരുന്നതിനാൽ അവളുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയും രശ്മി എവിടെയാണെന്ന് ആവർത്തിച്ച് ചോദിക്കുകയും ചെയ്തതായി സാമന്തിന്റെ അഭിഭാഷകൻ ആദിത്യ ശ്രീനിവാസൻ പറഞ്ഞു.
വീഡിയോ ക്ലിപ്പിംഗ് ഉണ്ടോ ഇല്ലയോ എന്ന് തനിക്കറിയില്ല, സ്വമേധയാ കേസെടുത്ത് നടപടിയെടുക്കണം. രശ്മി സാമന്തിന്റെ വീട്ടിൽ പോയി കുടുംബത്തെ മർദിച്ച പോലീസ് നടപടി സഹിക്കാനാവില്ലെന്ന് ഉഡുപ്പിയിലെ ബിജെപി നിയമസഭാംഗം യശ്പാൽ സുവർണ പറഞ്ഞു. അതേസമയം, സംഭവത്തെക്കുറിച്ച് രശ്മി സാമന്ത് ട്വീറ്റ് ചെയ്തതിനാൽ അവരുടെ അക്കൗണ്ട് പരിശോധിച്ചതായും ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി പോലീസ് സംസാരിച്ചതായും ഉഡുപ്പി എസ്.പി ഹകെ അക്ഷയ് മച്ചിന്ദ്ര വ്യക്തമാക്കി. പെൺകുട്ടികളുടെ ശുചിമുറികളിൽ വീഡിയോ പകർത്തിയതിന് മൂന്ന് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്ത സംഭവം കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾ ശുചിമുറികളിൽ നിന്ന് സ്വകാര്യ വീഡിയോകൾ പകർത്തി വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തുവെന്ന ആരോപണം ഉയർന്നതോടെ സംഭവം വർഗീയ പ്രചാരണത്തിനും കാരണമായി.