ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്തുകൊണ്ടാണ് ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റ് ഇൻക്ലൂസീവ് അലയൻസിനെ (ഇന്ത്യ) വെറുക്കുന്നതെന്ന് കെജ്‌രിവാൾ ചോദിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോഡി ഇന്ത്യയെ വെറുക്കുന്നത്, എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യയെ ഇത്രയധികം വെറുക്കുന്നതെന്ന് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇന്ത്യ എന്ന പേരിനും വിചിത്രമായ യാദൃശ്ചികതയുണ്ടെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും രൂപീകരിച്ചത് ബ്രിട്ടീഷുകാരാണെന്നും പറഞ്ഞ മോഡി, ഇന്ത്യൻ മുജാഹിദീൻ സ്ഥാപിച്ചത് തീവ്രവാദികളാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾക്കും ഇന്ത്യയുണ്ടെന്നും ആരോപിച്ചിരുന്നു. ഇത്തരത്തിൽ ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ ഇതുവരെ കണ്ടിട്ടില്ലെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.