പുതുച്ചേരി-ഫുട്‌ബോൾ ആരാധകരുടെ നാടാണ് ഇന്ത്യ. ഇന്ത്യൻ ടീം ലോകകപ്പിൽ കളിച്ചില്ലെങ്കിൽ കൂടി ലോകകപ്പ് കാണാത്ത ഇന്ത്യക്കാർ വളരെ ചുരുക്കം മാത്രം.
ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ട ടീമും ഇഷ്ട കളിക്കാരനും ഉണ്ടാവും. അവർ വിജയിച്ചാലും തോറ്റാലും അതിന്റെ സന്തോഷവും സങ്കടവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാനും ആരാധകർ മറക്കാറില്ല. എന്നാൽ, അത്തരത്തിൽ ലോകകപ്പ് കിരീടം നേടിയ ഫ്രാൻസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത പുതുച്ചേരിയുടെ ലെഫ്. ഗവർണർ കിരൺ ബേദി ആകെ കുരുക്കിലായ അവസ്ഥയിലാണിപ്പോൾ.
ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഫ്രാൻസ് 2018 ഫിഫ ലോകകപ്പ് ഉയർത്തിയതിന് പുതുച്ചേരിക്കാരെയാണ് ബേദി അഭിനന്ദിച്ചിരിക്കുന്നത്. നാം പുതുച്ചേരിക്കാർ (പഴയ ഫ്രഞ്ച് അധീന പ്രദേശം) ലോകകപ്പ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ. ഫ്രഞ്ച് ടീം എത്രമാത്രം വ്യത്യസ്തമാണ്. സ്‌പോർട്‌സ് എല്ലാവരേയും ഒന്നിപ്പിക്കുന്നു' എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.
ബേദിയുടെ ട്വീറ്റ് ഇഷ്ടപ്പെടാത്ത കുറേയധികം ആരാധകർ ഇതിനെതിരെ ട്രോളുകളുമായി രംഗത്തു വന്നിരിക്കുകയാണ്. കിരൺ ബേദിയുടെ ട്വീറ്റ് പിൻവലിക്കാനും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ ബേദിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. ആഘോഷിക്കാൻ എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തുന്നവരാണ് ഇന്ത്യക്കാരെന്നും അത്ര മാത്രമേ ലെഫ്. ഗവർണറും ഉദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് പിന്തുണക്കുന്നവരുടെ മറുപടി.
നാം ഫ്രഞ്ച് കോളനിയായിരുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കുന്നു. ഡൽഹിയിലിരിക്കുന്ന ഞങ്ങൾ വിഡ്ഢികൾ നിങ്ങളെ മുഖ്യമന്ത്രിയായി സ്വപ്‌നം കാണുന്നു.
ഞങ്ങൾ കരുതിയത് നിങ്ങൾ ഇന്ത്യൻ പ്രദേശത്തെ ഗവർണറാണെന്നായിരുന്നു. സാരമില്ല, മറന്നു കള.. എന്നായിരുന്നു ഒരാളുടെ പ്രതികരണം. മുഴുവൻ ഇന്ത്യക്കാരും ദുഃഖത്തിലാണ് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. കാരണം ബ്രിട്ടന് ലോകകപ്പിൽ നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത് (ഇന്ത്യ മുമ്പ് ബ്രിട്ടീഷ് അധീനതയിലായിരുന്നു) എന്നും അദ്ദേഹം പരിഹസിച്ചു.