ന്യൂദൽഹി- തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കേരളത്തിന് മുന്നറിയിപ്പു നൽകി സുപ്രീംകോടതി. ജസ്റ്റീസ് സിരിജഗൻ കമ്മിറ്റി ശിപാർശ ചെയ്ത നഷ്ടപരിഹാരം കൊടുത്തിരിക്കണം. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാകില്ലെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ കൃത്യമായി നടപ്പാക്കാത്തപക്ഷം ബന്ധപ്പെട്ട അധികൃതർ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് ബെഞ്ച് വ്യക്തമാക്കി. നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട കോടതി, കേസ് ഓഗസ്റ്റ് 13ലേക്ക് മാറ്റി.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സിരിജഗൻ കമ്മിറ്റിയുടെ ശിപാർശകൾ നടപ്പാക്കിയില്ലെന്നു കാട്ടി ജോസ് സെബാസ്റ്റിയൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. നഷ്ടപരിഹാരത്തിനുള്ള 247 ശുപാർശകളിൽ 129 പേർക്ക് നൽകിയില്ലെന്ന് സിരിജഗൻ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 92 പേർക്ക് നഷ്ടപരിഹാരം നൽകിയെങ്കിലും ഒമ്പത് ശതമാനം പലിശ കൊടുത്തിട്ടില്ല. അഞ്ചുപേർക്ക് ഭാഗികമായാണ് നഷ്ടപരിഹാരം നൽകിയത്.
നായ്ക്കളുടെ ആക്രമണമേറ്റ പി.എസ്. ബിജു (തൃശ്ശൂർ), ധരുഷ് (തിരുവനന്തപുരം), ലക്ഷ്മണൻ (കണ്ണൂർ) എന്നിവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനായിട്ടില്ലെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞുവെന്നും പലിശ മാത്രമാണ് ബാക്കിയെന്നും സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി, സ്റ്റാൻഡിംഗ് കോൺസെൽ സി.കെ. ശശി എന്നിവർ പറഞ്ഞു. എന്നാൽ സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ അങ്ങനെയല്ല പറയുന്നതെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.