സാന്‍ ഫ്രാന്‍സിസ്‌കോ- ട്വിറ്ററിന്റെ ലോഗോ കമ്പനി ആസ്ഥാനത്തെ കെട്ടിടത്തില്‍നിന്ന് നീക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ 1355 മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആസ്ഥാനത്ത് ബ്രാന്‍ഡിംഗ് മാറ്റാനുള്ള എലോണ്‍ മസ്‌കിന്റെ പദ്ധതിയാണ് അപ്രതീക്ഷിതമായ തടസ്സം നേരിട്ടത്.
എല്ലാ ഓണ്‍ലൈന്‍ ഐ.പികളും റീബ്രാന്‍ഡ് ചെയ്ത ശേഷം ട്വിറ്റര്‍ ടീം ഈ കെട്ടിടത്തില്‍നിന്ന് ട്വിറ്റര്‍ ചിഹ്നമായ നീലക്കിളി നീക്കം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ഇത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് സംഭവസ്ഥലത്തെത്തി, ലോഗോ നീക്കം ചെയ്യുന്നത് നിര്‍ത്തിവെപ്പിച്ചു. ഓപ്പറേഷനുപയോഗിക്കുന്ന ക്രെയിനിന് പെര്‍മിറ്റ് ഇല്ലാത്തതാണ് പോലീസിന്റെ ഇടപെടലിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.