ന്യൂദല്‍ഹി - തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ മന്ത്രി ആന്റണി രാജുവിന് എതിരെയുള്ള പുനരന്വേഷണം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നത് വരെ ആന്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ഹൈക്കോടതിയാണ് തുടന്വേഷണത്തിന് ഉത്തരവിട്ടത്. ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാല്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആന്റണി രാജു പറഞ്ഞിരുന്നു. നിരപരാധിയായിട്ടും 33 വര്‍ഷങ്ങള്‍ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നത് വലിയ മാനസിക പീഡനം ഉണ്ടാക്കിയെന്നും ആന്റണി രാജു കോടതിയില്‍ പറഞ്ഞു.