- ഇന്ത്യയിൽ രൂക്ഷമായ വിലക്കയറ്റം
മുംബൈ- ഇന്ത്യയിൽ വിലക്കയറ്റം രൂക്ഷം. മൊത്തവില സൂചിക ആധാരമാക്കിയുള്ള പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തി. ജൂൺ മാസത്തിൽ 5.77 ശതമാനമാണ് വില കൂടിയത്. മേയിലെ 4.43 ശതമാനത്തെ അപേക്ഷിച്ച് ഗണ്യമായ കുതിപ്പാണിത്. ഇന്ധന, ഭക്ഷ്യ വില വർധനവിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏപ്രിൽ മാസത്തെ 1.60 ശതമാനത്തിൽ നിന്ന് 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51ൽ നിന്ന് 8.12 ശതമാനമായി ഉയർന്നു. ഇന്ധനം, ഊർജം വിഭാഗത്തിലെ വിലക്കയറ്റം 11.22 ശതമാനത്തിൽ നിന്ന് 16.18 ശതമാനത്തിലേക്ക് കുതിച്ചു.
ആഗോള ക്രൂഡ് ഓയിൽ വില കൂടിയതിനൊപ്പം ഇന്ധന വില വർധിച്ചതാണ് ഈ കുതിപ്പിനു കാരണമെന്നും വിദഗ്ദ്ധർ അറിയിച്ചു. ഉരുളക്കിഴങ്ങിന് 99.02 ശതമാനമാണു വില കുത്തനെ കുതിച്ചത്. ഉള്ളിക്ക് തലേമാസത്തെ 13.20ൽ നിന്ന് വില 18.25 ശതമാനത്തിലെത്തി.
പെട്രോളും ഡീസലും ലിറ്റർ വിലയിൽ സർവ്വകാല റെക്കോഡിലേക്ക് ഉയരുകയാണ്. ഒരു പക്ഷേ, പെട്രോളിനും ഡീസലിനും ലിറ്ററിന് നൂറ് രൂപ വരെ എത്തിയേക്കും. ഇപ്പോൾ 80 രൂപയിൽ താഴെ നിൽക്കുന്ന വില അധികം വൈകാതെ വൻതോതിൽ ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനം. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ജീവിതച്ചെലവ് വഹിക്കാനാകാതെ സാധാരണ ജനങ്ങൾ പൊറുതിമുട്ടും. എന്തും സംഭവിക്കാമെന്ന സാഹചര്യത്തിലേക്കാണ് എണ്ണവില കുതിക്കുന്നത്. ദൽഹിയിൽ പെട്രോളിന് 76.61 രൂപയാണ് പുതിയ വില. കഴിഞ്ഞ ഒരാഴ്ചയായി ദിവസവും 20 പൈസ വച്ച് ഉയരുകയാണ്. ഈ പോക്ക് പോയാൽ പെട്രോൾ വിലയിൽ ഇതുവരെ രേഖപ്പെടുത്തിയ സർവകാല റെക്കോഡായ 78.43 രൂപയിലേക്ക് അധികം വൈകാതെ എത്തും. കഴിഞ്ഞ മെയ് 29നാണ് ഇത്രയും ഉയർന്ന തുക രേഖപ്പെടുത്തിയത്.
ഡീസലിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തുക 69.31 രൂപയാണ്. ഇപ്പോൾ ഡീസൽ ലിറ്ററിന് 68.61 രൂപയാണ് വില. ഓരോ ദിവസവും കൂടുന്നതിനാൽ പഴയെ റെക്കോഡ് വില ഉടൻ മറികടന്നേക്കും. ആഗോള സാമ്പത്തിക രംഗത്തെ തർക്കങ്ങളാണ് ഇന്ത്യയിലെ ഇന്ധന വിലയിലും തിരിച്ചടിയുണ്ടാക്കുന്നത്. ഡീസൽ വില ഉയരുന്നത് ചരക്കുകടത്ത് ചെലവേറിയതാക്കും.
നവംബർ നാലിന് ശേഷം ഇറാന്റെ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ അമേരിക്ക നടപടി സ്വീകരിക്കും. നവംബർ നാലിന് മുമ്പ് തന്നെ ഇന്ത്യയിൽ ഇന്ധന വില കുതിച്ചുയരുകയാണ്. നവംബർ നാലിന് ശേഷം വൻതോതിൽ വില വർധിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. നവംബർ 4ന് ശേഷം ആഗോള വിപണിയിൽ എണ്ണ ബാരലിന് 100 ഡോളർ എത്തിയേക്കാം. ആനുപാതികമായ വർധന ഇന്ത്യൻ വിപണിയിലും പ്രകടമാകും.
അങ്ങനെ സംഭവിച്ചാൽ പെട്രോൾ-ഡീസൽ ലിറ്ററിന് 100 രൂപ വില കൊടുക്കേണ്ടി വരുമെന്ന് സാമ്പത്തിക നിരീക്ഷണ റിപ്പോർട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാനമാണ് എണ്ണയിൽ നിന്നുള്ള നികുതി. അതുകൊണ്ടാണ് ഈ നികുതി ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താതിരിക്കുന്നത്.