ന്യൂദല്‍ഹി - പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടും മറ്റ് ചില തീവ്ര സംഘടനകളോടും ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പേരില്‍ ഇന്ത്യയുണ്ടെന്നും പ്രധാനമന്ത്രി പരിഹസിച്ചു. പോപ്പുലര്‍ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ കൂടി ചേര്‍ത്തിരുന്നുവെന്ന കാര്യവും മോഡി പരാമര്‍ശിച്ചു. പാര്‍ലമെന്റെറി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. പ്രതിപക്ഷത്തിന് ദിശാബോധമില്ലന്നും നരേന്ദ്ര മോഡി കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ സഖ്യത്തിന്റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചതോടെ ഇതിനെതിരെ നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേര് എന്ന് പറഞ്ഞുകൊണ്ട് ആദ്യം വിമര്‍ശനമുയര്‍ത്തിയത്.