Sorry, you need to enable JavaScript to visit this website.

മുതല കര്‍ഷകനെ കടിച്ചുകൊന്നു; പ്രതികാരമായി നാട്ടുകാര്‍ 292 മുതലകളെ കൊന്നുതള്ളി

സൊറോങ്- ഇന്തൊനീസ്യയിലെ പപുവ പ്രവിശ്യയില്‍ കര്‍ഷകനെ മുതല കടിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മുതല സംരക്ഷണ കേന്ദ്രത്തിലെ 292 മുതലകളെ പിടികൂടി വെട്ടിക്കൊന്നു തളളി. തന്റെ കാലികള്‍ക്കു പുല്ലു ശേഖരിക്കുന്നതിനിടെ ശനിയാഴ്ചയാണ് 48കാരനായ സുഗിതോ എന്ന കര്‍ഷകന്‍ മുതലകളെ സംരക്ഷിക്കുന്ന കുളത്തിലേക്ക് അബദ്ധത്തില്‍ വീണത്. ഒരു മുതല ഇദ്ദേഹത്തിന്റെ കാലിനു കടിച്ചു വലിക്കുന്നതിനിടെ മറ്റൊരു മുതലയുടെ വാലു കൊണ്ടുള്ള അടിയേറ്റാണ് സുഗിതോ മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷമാണ് ബന്ധുക്കളും ഗ്രമീണരും പ്രതിഷേധവുമായി മുതല സംരക്ഷണ കേന്ദ്രത്തില്‍ കത്തികളും വാളുകളുമായെത്തി മുതല കുഞ്ഞുങ്ങളടക്കം 300ഓളം മുതലകളെ കൂട്ടമായി കശാപ്പു ചെയ്തത്. എണ്ണത്തില്‍ കുറവായിരുന്ന പോലീസിനും അധികൃതര്‍ക്കും ഇവരെ തടയാനായില്ല.

കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് സംരക്ഷണ കേന്ദ്രം വാഗ്ദാനം നല്‍കിയിരുന്നതായി അധികൃതര്‍ പറയുന്നു. എന്നാല്‍ ജനവാസ മേഖലയില്‍ മുതല സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെതിരാണ് ജനങ്ങള്‍. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തു വരികയാണെന്ന് പപുവയിലെ സൊറോങ് ജില്ലാ പോലീസ് മേധാവി ദെവ മദെ സിദാന്‍ സുത്രഹ്നാ പറഞ്ഞു.
 

Latest News