ന്യൂദൽഹി- ഈ വർഷം ജൂലൈ 15 വരെ 37 യാത്രക്കാരെ ‘നോ ഫ്ളൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു, പ്രധാനമായും മാസ്ക് ധരിക്കാത്തതിനോ ക്രൂ അംഗങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനോ ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചത്.
ഒരു എയർലൈനിന്റെ ഇന്റേണൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം 2022ൽ 63 യാത്രക്കാരെ വിവിധ കാലയളവുകളിൽ ‘നോ ഫ്ലൈ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ലോക്സഭയിൽ പറഞ്ഞു. 2023ൽ 37 യാത്രക്കാര നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും മാസ്ക് ധരിക്കാത്തതിനും ക്രൂ അംഗങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനുമാണ് നടപടി നേരിട്ടതെന്ന് അദ്ദേഹം രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ നേരിടാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അധികാരപരിധി വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മന്ത്രി നൽകിയത്.
ഭൂരിഭാഗം സംഭവങ്ങളും വിമാനത്തിൽ നടന്നതിനാൽ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചുള്ള കണക്ക് ഡി.ജി.സി.എയുടെ പക്കലില്ല.