ലഖ്‌നൗ- തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനെ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല. വില കൂടുതലുള്ള സാധനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക. ആരും വാങ്ങാതാകുന്നതോടെ വില കുറയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 'വിലകൂടിയ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് സ്വാഭാവികമായും വില കുറയാന്‍ കാരണമാകും. ആരും അവ (തക്കാളി) വാങ്ങുന്നില്ലെങ്കില്‍ അത് പാഴായിപ്പോകും. ഇതു തടയാന്‍ കച്ചവടക്കാര്‍ വില കുറക്കാന്‍ നിര്‍ബന്ധിതരാകും.'- മന്ത്രി പറഞ്ഞു.
തക്കാളിക്ക് വില കൂടുതലാണ്, പ്രത്യേകിച്ച് ഈ സീസണില്‍. ചട്ടിയിലും മറ്റും തക്കാളി നടുന്നതിലൂടെ ഈ വിലക്കയറ്റം തടയാന്‍ സാധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. തക്കാളിക്ക് പകരക്കാരനാകാന്‍ ചെറുനാരങ്ങയ്ക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.തക്കാളി വില കുത്തനെ ഉയര്‍ന്നത് രാജ്യത്തെ സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തെയാണ് ബാധിച്ചത്. തക്കാളി വിറ്റ് കോടീശ്വരന്മാരായ കര്‍ഷകരുടെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.