ഭോപ്പാല്‍- റേഡിയോ കോളറില്‍ നിന്നുള്ള അണുബാധ ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ മരണകാരണമാകുന്നെന്ന സംശയം. ഇതോടെ ചീറ്റകളുടെ മേല്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറുകള്‍ നീക്കം ചെയ്തു. കുനോ ദേശീയോദ്യാനത്തിലെ ആറ് ചീറ്റകളുടെ കഴുത്തില്‍ നിന്നുമാണ് കോളറുകള്‍ നീക്കം ചെയ്തത്.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുനോയില്‍ അഞ്ച് മുതിര്‍ന്ന ചീറ്റകളും മൂന്ന് കുഞ്ഞു ചീറ്റകളുമാണ് ചത്തത്. ഇതേത്തുടര്‍ന്ന് കുനോയിലെയും നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ വിദഗ്ധര്‍ നടത്തിയ ആരോഗ്യ പരിശോധനയ്ക്കായാണ് കോളറുകള്‍ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. നിലവില്‍ ആറ് ആണ്‍ ചീറ്റകളും അഞ്ച് പെണ്‍ ചീറ്റകളും ഉള്‍പ്പെടെ 11 ചീറ്റകളാണ് കുനോയിലുള്ളത്.
ഗൗരി, ശൗര്യ, പവന്‍, പാവക്, ആശ, ധീര എന്നീ ചീറ്റകളുടെ കോളറുകളാണ് നീക്കം ചെയ്തത്. ആറു ചീറ്റകളും നിലവില്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. പ്രോജക്റ്റ് ചീറ്റ വഴി 20 ചീറ്റകളെയാണ് നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമായി ഇന്ത്യയിലെത്തിച്ചത്. കുനോയില്‍ എത്തിയതിനു ശേഷം ജ്വാല എന്ന ചീറ്റ 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. അതില്‍ മൂന്നു കുഞ്ഞുങ്ങളും ചത്തു.