കോഴിക്കോട് - തെരുവിൽ നീതി തേടിയിറങ്ങിയവളെ ചേർത്തു പിടിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളേജിൽനിന്നാണെന്ന അന്വേഷണ റിപ്പോർട്ടെന്ന് സംസ്ഥാന പ്രസിഡൻറ് വിഎ. ഫായിസ. ഹർഷിനക്ക് അഞ്ച് വർഷത്തെ ദുരിത ജീവിതത്തിന് അർഹമായ നഷ്പരിഹാരം നേടിയെടുക്കുന്നതുവരെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ഒപ്പമുണ്ടാകും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വയറിനുള്ളിലകപ്പെട്ട കത്രികയുമായി അഞ്ച് വർഷം വേദയും യാതനയും മാത്രം നിറഞ്ഞ ദുരിത ജീവിതം സഹിച്ചവൾക്ക് മുന്നിൽ ഇവിടുത്തെ ആരോഗ്യ മന്ത്രിയും അവരുടെ വകുപ്പും നടത്തിയ മൂന്ന് അന്വേഷണങ്ങളും തെളിവില്ലെന്ന് പറഞ്ഞ് സത്യം കുഴിച്ചു മൂടാനൊരുങ്ങിയപ്പോൾ പോലീസ് നടത്തിയ അന്വേഷണത്തിൽ വളരെ കൃത്യമായ തെളിവുകളോടു കൂടിയ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു.
കത്രിക മെഡിക്കൽ കോളേജിലേത് തന്നെയാണ് എന്നും അത് ഗുരുതരമായ അശ്രദ്ധയോടെ കൈകാര്യം ചെയ്ത മെഡിക്കൽ സ്റ്റാഫ് ഇതിന് ഉത്തരവാദികളാകേണ്ടിവരും എന്ന് സൂചിപ്പിക്കുന്നതുമായ റിപ്പോർട്ടാണ് എ.സി.പി. സുദർശനൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ തന്നെ രേഖകൾ പരിശോധിച്ചാണ് പോലീസ് ഇത്രയും കൃത്യമായ ഒരു റിപ്പോർട്ട് പുറത്ത് വിട്ടത് എന്നത് ഈ വിഷയത്തിൽ നാളിതു വരെ അതിസാധാരണക്കാരിയായ ഒരു വീട്ടമ്മയോട് ആരോഗ്യവകുപ്പ് സ്വീകരിച്ച അലസതയുടേയും നീതിനിഷേധത്തിന്റേയും ആഴം വെളിപ്പെടുത്തുന്നതാണ്.
സർക്കാരിന്റെ ഭാഗത്ത് നിന്നും നീതിപൂർവ്വവും മനുഷ്യത്വപരവുമായ സമീപനം ലഭിക്കാത്തതു കൊണ്ട് അനിശ്ചിതകാല സമരത്തിനിറങ്ങിയ ഹർഷിനക്ക് സമരത്തിന്റെ ഒന്നാമത്തെ ദിവസം മുതൽ എല്ലാ പിന്തുണയും ഒരുക്കിക്കൊടുത്ത് ഒരു ദിവസം പോലും അവരെ തെരുവിൽ ഒറ്റപ്പെടുത്താതെ ചേർന്നുനിന്ന സംഘടന എന്ന നിലയിൽ വിമൻ ജസ്റ്റിസ് പ്രവർത്തകർക്ക് അഭിമാനിക്കാമെന്ന് ഫായിസ കൂട്ടിച്ചേർത്തു.
പൂർണ്ണനീതി ലഭിച്ചതിനു ശേഷം മാത്രമേ തെരുവിൽ നിന്നും മടങ്ങു എന്ന് ഹർഷിന പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും നല്ല പ്രായങ്ങളിൽ അവളനുഭവിച്ച വേദനക്ക് ആ കുടുംബത്തിനേറ്റ മാനസികവും സാമ്പത്തികവുമായ തകർച്ചക്ക് പരിഹാരം ലഭിക്കുന്നതു വരെ വിമൻ ജസ്റ്റിസ് കൂടെ തന്നെയുണ്ടാകുമെന്നും വി.എ. ഫായിസ പറഞ്ഞു.