Sorry, you need to enable JavaScript to visit this website.

വിശ്രമിക്കാൻ നേരമുണ്ടായിരുന്നില്ല ഉമ്മൻ ചാണ്ടിക്ക്- പിണറായി വിജയൻ

തിരുവനന്തപുരം-ഭരണാധികാരി എന്ന നിലയിൽ ഏറെ ശോഭിച്ചയാളായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും കൂടുതൽ ചലിക്കുന്ന നേതാവായി ഉമ്മൻ ചാണ്ടി മാറി. കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായ സ്വീകാര്യത അദ്ദേഹത്തിന്റെ നേതൃശേഷിയുടെ പ്രത്യേകതയായിരുന്നു. യു.ഡി.എഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായും അദ്ദേഹം മാറി. ഇതിനെല്ലാം ഒരു പ്രത്യേകമായ നേതൃവൈഭവം അദ്ദേഹം പ്രകടിപ്പിച്ചുവെന്നത് കാണാൻ കഴിയും. രോഗം അദ്ദേഹത്തെ വേട്ടയാടിയപ്പോഴും തളരാതെ പിടിച്ചുനിന്നു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റിയേ തീരൂവെന്ന വാശിയായിരുന്നു അദ്ദേഹത്തിന്. ഒരു ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്ത് ഒരുപരിപാടിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹത്തിൽ പ്രസരിപ്പ് കണ്ടിരുന്നു. കാഴ്ചയിൽ തന്നെ മാറ്റമുണ്ടായിരുന്നു. ഒരു ക്രൈസ്തവ മതാധ്യക്ഷന്റെ സ്ഥാനാരോഹണത്തിന് ശേഷമുള്ള സ്വീകരണമായിരുന്നു അത്. നല്ല മാറ്റമുണ്ടല്ലോ എന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. ആ സമയത്ത് ചികിത്സിച്ച ഡോക്ടറുടെ പേര് എന്നോട് പറഞ്ഞു. അതിന് ശേഷം ഞാൻ ആ ഡോക്ടറെ വിളിച്ചു അനുമോദനം അറിയിച്ചു. എന്നാൽ വിശ്രമിക്കണമെന്ന തന്റെ ഉപദേശം ഉമ്മൻ ചാണ്ടി സ്വീകരിച്ചില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. അതികഠിന രോഗാവസ്ഥയിൽ പോലും കേരളം ഒന്നാകെ അദ്ദേഹം സഞ്ചരിച്ചു. പെട്ടെന്ന് നികത്താൻ പറ്റിയ നഷ്ടമല്ല കോൺഗ്രസിനും യു.ഡി.എഫിനും ഉമ്മൻ ചാണ്ടിയുടെ വിയോഗമുണ്ടാക്കിയത്. പാർട്ടിയുടെയും മുന്നണിയുടെയും കുടുംബത്തിന്റെയും സങ്കടത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കല്ലെറിഞ്ഞവരെ പോലും ഉമ്മൻ ചാണ്ടി സ്‌നേഹിച്ചു-സുധാകരൻ

തിരുവനന്തപുരം- അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവനന്തപുരത്ത് തുടങ്ങി. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അധ്യക്ഷ പ്രസംഗത്തോടെയാണ് അനുസ്മരണ സമ്മേളനം തുടങ്ങിയത്. 
ഓർമ്മകൾ ഒരുപാട് കാലം പിറകിലേക്ക് ഓടിപ്പോകുന്നുവെന്ന് സുധാകരൻ പറഞ്ഞു. 
സുധാകരന്റെ പ്രസംഗത്തിൽനിന്ന്:
ഇന്നലെ വരെ നമ്മുടെ കൂടെയുണ്ടായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് നമ്മുടെ ഹൃദയത്തിന്റെ വിങ്ങലായി മാറിയിരിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ കേരളം ഒന്നാകെ വിലപിച്ചു. ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ മൃതദേഹം മറവുചെയ്ത പുതുപ്പള്ളിയിലെ കല്ലറയിലേക്ക് ആളുകൾ വന്നുകൊണ്ടിരിക്കുന്നു. ഉമ്മൻ ചാണ്ടിയെ ഇതിഹാസമാക്കി മാറ്റിയിരിക്കുന്നു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തെ പൂർണമായി ഉൾക്കൊണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും നോട്ടത്തിലും സെക്യുലറിസം തിളങ്ങിനിന്നു. കോൺഗ്രസിന്റെ യുവജനസംഘടനകളിൽ ഉമ്മൻ ചാണ്ടി പ്രവർത്തിച്ചപ്പോൾ ഈ സംഘടനകളുടെ സുവർണകാലമായിരുന്നു. വിദ്യാർഥികൾക്കൊപ്പം കൃഷി ഭൂമിയിൽ ഉമ്മൻ ചാണ്ടി വിത്തിറക്കി. മരണം വരെ ക്രിയാത്മക രാഷ്ട്രീയപ്രവർത്തനമായിരുന്നു ഉമ്മൻ ചാണ്ടി നടത്തിയത്. പുതുപ്പള്ളിയിൽനിന്ന് 12 തവണ വിജയിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം മറ്റെല്ലാ ജനപ്രതിനിധികളും അംഗീകരിക്കേണ്ടി വന്നു. കേരളത്തിലെ ഏതു മുക്കിലെയും മൂലയിലെയും കോൺഗ്രസുകാർ പ്രശ്‌നമുണ്ടാകുമ്പോൾ ആദ്യം ഓടിയെത്തുന്നത് ഉമ്മൻ ചാണ്ടിയുടെ അടുത്തേക്കായിരുന്നു. കേരളം ദേശീയ രാഷ്ട്രീയത്തിന് സംഭാവന നൽകിയ നേതാക്കളിൽ പ്രമുഖ സ്ഥാനം ഉമ്മൻ ചാണ്ടിക്കുണ്ട്. ഉമ്മൻ ചാണ്ടി കൂടുതൽ പദവികൾ മറ്റുള്ളവർക്ക് വിട്ടുകൊടുത്തു. വെട്ടിപ്പിടിക്കുന്നതിനേക്കാൾ വിട്ടുകൊടുക്കുന്നതിനാണ് ഉമ്മൻ ചാണ്ടി എന്നും ശ്രമിച്ചത്. ദിവസം മുഴുവൻ അദ്ദേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു വീഴ്ത്തിയ ആളെ പോലും പിന്നീട് മുഖ്യമന്ത്രി സമാശ്വസിപ്പിച്ചു. ലോകത്ത് ഒരിടത്തും നടത്താത്ത ഭരണപരിഷ്‌കാരമാണ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി നടത്തിയത്. ശബരിമലയുടെ വികസനം ഉറപ്പാക്കിയതും ഉമ്മൻചാണ്ടിയായിരുന്നു. ക്ഷേമപെൻഷൻ മുഖ്യമന്ത്രി അഞ്ചിരട്ടിയാക്കി. നമ്മുടെ മലയാള ഭാഷയെ അദ്ദേഹം ഉയരത്തിലേക്ക് നയിച്ചു. കേരളത്തിൽ ഭാഷാ സർവ്വകലാശാല സ്ഥാപിച്ചതും ഉമ്മൻ ചാണ്ടിയാണ്. കൊച്ചി മെട്രോ, കണ്ണൂർ വിമാനതാവളം എന്നിവ ഉമ്മൻ ചാണ്ടിയുടെ സംഭാവനകളാണ്. തൊട്ടതെല്ലാം പൊന്നാക്കിയ നേതാവാണ് ഉമ്മൻ ചാണ്ടി. തരംതാണ രീതിയിൽ തന്നെ അധിക്ഷേപിച്ചവർക്കെതിരെ പോലും ഉമ്മൻ ചാണ്ടി ഒന്നും പറഞ്ഞില്ല. ഒരു തീരുമാനം എടുക്കുമ്പോൾ ഏറ്റവും താഴെതട്ടിലുള്ള മനുഷ്യരെ അദ്ദേഹം പരിഗണിച്ചിരുന്നു. ഉമ്മൻചാണ്ടിയായിരിക്കുക എന്നതാണ് ഓരോ പ്രവർത്തകന്റെയും ബാധ്യത. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ എന്നും നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമെന്നും സുധാകരൻ പറഞ്ഞു.
 

Latest News