Sorry, you need to enable JavaScript to visit this website.

കുവൈത്ത് പ്രവാസികള്‍ ആശങ്കയില്‍, വിസ അഞ്ചു വര്‍ഷത്തേക്ക് മാത്രം പരിമിതപ്പെടുത്താന്‍ നീക്കം

കുവൈത്ത് സിറ്റി- വിദേശികളെ അനന്തമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നത് തടയാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി കുവൈത്ത്. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അഞ്ച് വര്‍ഷമായി പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം.

ഇതിനായി നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഒക്ടോബര്‍ അവസാനത്തോടെ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് പുതിയ നീക്കം.

പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍ കഴിയും. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിര്‍ദ്ദേശം പാര്‍ലിമെന്റിന് മുന്നില്‍ വെക്കും. രാജ്യത്തെ വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷം വരെ താമസ രേഖ അനുവദിക്കും. സ്വദേശി സ്ത്രീകള്‍ക്ക് വിദേശി ഭര്‍ത്താവില്‍ ജനിച്ച മക്കള്‍ക്ക് പത്ത് വര്‍ഷത്തെ താമസ രേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിര്‍ദ്ദേശിച്ചു.

താമസ വിസ കാലാവധി കുറക്കാനുള്ള ശുപാര്‍ശക്ക് പാര്‍ലിമെന്റ് അംഗീകാരം ലഭിക്കുകയാണെങ്കില്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. ഇതിലധികവും മലയാളികളാണ്.

 

Latest News