Sorry, you need to enable JavaScript to visit this website.

ഗ്യാന്‍ വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി

ന്യൂദല്‍ഹി- വാരാണസി ഗ്യാന്‍ വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ നിര്‍ത്തിവെ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. സര്‍വേക്ക് ഉത്തരവിട്ട വാരാണസി ജില്ലാ കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയോട് അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അപ്പീല്‍ നല്‍കുന്നതിനാണ് സര്‍വേ നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി നിര്‍ത്തി വെപ്പിച്ചത്.
സര്‍വേയുടെ ഭാഗമായി പള്ളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള മതില്‍ പൊളിച്ചതായി മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. മസ്ജിദില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീം കോടതി വിധിക്ക് എതിരായ കാര്യങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകര്‍ ആരോപിച്ചു. തുടര്‍ന്ന് മസ്ജിദില്‍ ഖനനം നടക്കുന്നുണ്ടോ എന്നറിയിക്കാന്‍ സോളിസിസ്റ്റര്‍ ജനറലിനോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിര്‍ദ്ദേശിച്ചു. മസ്ജിദിലെ ഒരു കല്ല് പോലും ഒരു ആഴ്ചത്തേക്ക് നീക്കില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ നടക്കുന്നത് അളവെടുക്കല്‍, ചിത്രമെടുക്കല്‍, റഡാര്‍ ഇമേജിങ് എന്നിവ മാത്രമാണെന്നും സോളിസിസ്റ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ഗ്യാന്‍വാപി പള്ളി പരിസരത്തു ശാസ്ത്രീയ പരിശോധന നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് വെള്ളിയാഴ്ചയാണ് വാരാണസി ജില്ലാ കോടതി നിര്‍ദേശിച്ചത്. തിങ്കളാഴ്ച മുതല്‍ സര്‍വേ നടത്താനാണ് ജില്ലാ കോടതി നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ മസ്ജിദില്‍ സര്‍വേ നടപടികള്‍ ആരംഭിച്ചിരുന്നു.

 

 

Latest News