ഇംഫാല്‍ - മണിപ്പൂരിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന് സുരക്ഷാ ഭീഷണി ഉണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഇംഫാല്‍ വിമാനത്താവളത്തിന്റെ സുരക്ഷ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. ഇതിനായി സേനാംഗങ്ങളെ വിന്യസിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മിസോറാമിലെ മെയ്‌തെയ് വിഭാഗക്കാര്‍ ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് വിമാനമാര്‍ഗം ഇവരെ മണിപ്പൂരിലെത്തിക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് ഇംഫാല്‍ വിമാനത്താവളത്തിന് സുരക്ഷ ശക്തമാക്കുന്നത്. മണിപ്പൂരില്‍ രണ്ട് കുക്കി യുവതികളെ നഗ്‌നരാക്കി നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മെയ്‌തെയ് വിഭാഗക്കാര്‍ മിസോറാം വിടണമെന്ന് മുന്‍ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. അതേ സമയം മിസോറാം സര്‍ക്കാര്‍ അവിടെയുള്ള മെയ്‌തെയ്കള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുമുണ്ട്. മെയ്‌തെയ്കള്‍ കൂടുതലുള്ള വെറ്റി കോളേജ്, മിസോറാം യൂണിവേഴ്‌സിറ്റി, റിപാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം സുരക്ഷ ശക്തമാക്കി.