ജയ്പൂർ- കാമുകനോടൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻകാരിയായ സീമ ഹൈദറിന്റെ പശ്ചാത്തലത്തെ കുറിച്ചും ഇന്ത്യയിലേക്കുള്ള അനധികൃത പ്രവേശനത്തെ കുറിച്ചു അന്വേഷണം തുടരുന്നതിനിടെ ഒരു ഇന്ത്യൻ യുവതി കാമുകനെ കാണാൻ അതിർത്തി കടന്നു. രാജസ്ഥാനിലെ ഭിവാദി ജില്ലയിൽ നിന്നുള്ള വിവാഹിതയായ അഞ്ജുവാണ്, ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിക്കുകയും പ്രണയത്തിലാവുകയും ചെയ്ത യുവാവിനെ കാണാൻ പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലേക്ക് യാത്ര ചെയ്തത്.
കുറച്ച് ദിവസത്തേക്ക് ജയ്പൂരിലേക്ക് പോവുകയാണെന്നാണ് അഞ്ജു ഭർത്താവ് അരവിന്ദിനോട് പറഞ്ഞിരുന്നത് ഞായറാഴ്ചയാണ് അഞ്ജു അതിർത്തി കടന്ന വിവരം അരവിന്ദ് അറിഞ്ഞത്.വാട്‌സ്ആപ്പ് വഴി അഞ്ജു താനുമായി ബന്ധപ്പെട്ടിരുന്നതായി അരവിന്ദ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് ഫോണിൽ വിളിച്ച് താൻ ലാഹോറിലാണെന്നും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നും പറഞ്ഞു.
പാക്കിസ്ഥാനിൽ അഞ്ജുവിന്റെ കാമുകനെക്കുറിച്ച് കിംവദന്തി പരക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തനിക്ക് അതിനെക്കുറിച്ച് അറിവുണ്ടെന്നും എന്നാൽ ഭാര്യ തന്നിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അരവിന്ദ് പറഞ്ഞു.
അരവിന്ദ് ഭിവാഡിയിലാണ് ജോലി ചെയ്യുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ബയോഡാറ്റ എൻട്രി ഓപ്പറേറ്ററായാണ് അജ്ഞു ജോലി ചെയ്തിരുന്നത്. വിദേശത്ത് ജോലിക്ക് അപേക്ഷിക്കാൻ താൽപര്യമുണ്ടായിരുന്നതിനാൽ 2020-ലാണ് അഞ്ജു പാസ്‌പോർട്ട് എടുത്തതെന്ന് അരവിന്ദ് പറഞ്ഞു.അഞ്ജു ക്രിസ്തു മതം സ്വീകരിച്ചാണ് അരവിന്ദിനൊപ്പം കഴിഞ്ഞിരുന്നത്. രണ്ട് കുട്ടികളുണ്ട്. ഭിവാഡിയിലെ വാടക ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേന വ്യാഴാഴ്ചയാണ് അഞ്ജു ഭിവാഡിയിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. തുടർന്നാണ് 29 കാരനായ ഫേസ്ബുക്ക് സുഹൃത്ത് നസ്‌റുല്ലയെ കാണാൻ പാകിസ്ഥാനിലേക്ക് പോയത്. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന നസ്‌റുല്ലയും അഞ്ജുവും ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്കിൽ സുഹൃത്തുക്കളായതെന്ന് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആദ്യം പോലീസ് കസ്റ്റഡിയിലായിരുന്നുവെങ്കിലും യാത്രാരേഖകൾ പരിശോധിച്ച ശേഷം വിട്ടയച്ചു. എല്ലാ യാത്രാ രേഖകളും ശരിയാണെന്ന് കണ്ടെത്തിയതിന് ശേഷമാണ് യുവതിയെ പോകാൻ അനുവദിച്ചതെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും രാജ്യത്തിന് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് അവർക്ക് സുരക്ഷ ഒരുക്കിയതെന്ന് പാക് അധികൃതർ പറഞ്ഞു.