കൊച്ചി- സംസ്ഥാന ചലച്ചിത്ര നയം രൂപവത്കരിക്കാൻ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപവത്കരിച്ചതായുള്ള സർക്കാർ തല വിജ്ഞാപനത്തിനെതിരെ സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു സി സി). സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ട് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചതിനെ അഭിനന്ദിക്കുന്നുവെന്നും എന്നാൽ അതിന്റെ രൂപവത്കരണം നടപ്പിലാക്കിയ രീതി ഞങ്ങളെ ഏറെ നിരാശരാക്കുന്നുവെന്നും ഡബ്ല്യു സി സി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
കമ്മിറ്റിയിൽ അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടതുണ്ട്. സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡവും യോഗ്യതയും എന്താണെന്നതിൽ വ്യക്തതയില്ല. ചലച്ചിത്ര നയം രൂപവത്കരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നുവെന്നും ഡബ്ല്യു സി സി ചൂണ്ടിക്കാട്ടി.
ഏകപക്ഷീയമായി രൂപവത്കരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക്, ഞങ്ങളുടെ ജോലി സ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ട്. ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്ന, അതിന് തക്കതായ യോഗ്യതയുള്ള, താത്പര്യമുള്ള അംഗങ്ങളുടെ കമ്മിറ്റി രൂപവത്കരിക്കുന്നത് വഴി, പ്രശ്നങ്ങളിൽ ഗുണപരമായ പരിവർത്തനം കൊണ്ടുവരാൻ സാധിക്കുമെന്നും ഡബ്ല്യു സി സി ഓർമിപ്പിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പരസ്യമായി പിന്തുണച്ച നടൻ മുകേഷ് എം എൽ എക്ക് പുറമെ, മഞ്ജുവാര്യർ, ബി ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള തുടങ്ങിയവരാണ് സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കരട് തയ്യാറാക്കുന്ന കമ്മിറ്റിയിലുള്ളത്.