ന്യൂദൽഹി- മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമത്തിൽ ദൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദർശിച്ച ക്രിസ്ത്യൻ പള്ളിയാണ് ദൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു. മണിപ്പൂരിൽ നിന്ന് ഓരോ ദിവസവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവർ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രപതിയെ കണ്ട് നിവേദനം നൽകാനും സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ അധികൃതർ ആലോചിക്കുന്നുണ്ട്. കലാപത്തിനിടെയുണ്ടായ ലൈംഗീക അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകളും വീഡിയോകളും പുറത്ത് വരുന്നതിനിടെയാണ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രിയെത്തി മെഴുകു തിരി തെളിയിച്ച പള്ളിയിലും പ്രതിഷേധം അരങ്ങേറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്.