മുംബൈ- വയോധികരായ മതാപിതാക്കള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാതിരിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താല്‍ മകന് സമ്മാനമായി നല്‍കിയ കുടുംബ സ്വത്തില്‍ നിന്നുള്ള വിഹിതം മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാമെന്ന് ബോംബെ ഹൈക്കോടതി. 2007-ലെ രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമ, സംരക്ഷണ നിയമ പ്രകാരമാണ് ഹൈക്കോടതി ഉത്തരവ്. മുംബൈ അന്ധേരി സ്വദേശികളായ വൃദ്ധ മാതാപിതാക്കള്‍ മകന് സമ്മാനമായി നല്‍കിയ ഫഌറ്റിന്റെ 50 ശതമാനം അവകാശം തിരികെ മാതാപിതാക്കള്‍ക്കു തന്നെ നല്‍കിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
തങ്ങളെ സംരക്ഷിക്കാമെന്നുള്ള ഉറപ്പിന്‍മേലാണ് വയോധികനായ പിതാവും രണ്ടാനമ്മയും തങ്ങളുടെ പേരിലുള്ള ഫഌറ്റിന്റെ 50 ശതമാനം ഓഹരി സമ്മാനമായി മകനു നല്‍കിയത്. മകന്റേയും ഭാര്യയുടേയും ആവശ്യപ്രകാരമായിരുന്നു ഈ സമ്മാനം. വൃദ്ധനായ പിതാവിനേയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയേയും സംരക്ഷിക്കുമെന്ന ഉറപ്പും കരാറിലുണ്ട്. 'മകനും ഭാര്യം വയോധികനായി പിതാവിനെ സംരക്ഷിക്കാന്‍ തയാറായിരുന്നെങ്കിലും രണ്ടാനമ്മയെ അവഗണിച്ചെന്നു വ്യക്തമാണ്. ഈ സാഹചര്യത്തില്‍ സമ്മാന കരാര്‍ റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാനാവില്ല,' കോടതി വ്യക്തമാക്കി.
സംരക്ഷിക്കാമെന്ന ഉറപ്പിന്‍മേല്‍ സ്വത്ത് വിഹിതം മക്കള്‍ക്ക് എഴുതി നല്‍കിയ ശേഷം അവരാല്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധ മാതാപിതാക്കള്‍ക്ക് നിയമം സംരക്ഷണം നല്‍കുന്നുണ്ട്. 2007നും ശേഷമാണ് ഒരു മുതിര്‍ന്ന പൗരന്‍ ഈ സ്വത്ത് വിഹിത കരാര്‍ ഒപ്പിട്ടതെങ്കില്‍ ഇതു ലംഘിക്കുന്ന പക്ഷം സ്വത്ത് തിരിച്ചെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. പ്രത്യേക ട്രൈബ്യൂണല്‍ ഈ കരാര്‍ റദ്ദാക്കുകയും ചെയ്യും. മുംബൈയിലെ ഈ കേസില്‍ പരാതിക്കാരനായ മുതിര്‍ന്ന പൗരന്റെ ഭാര്യ 2014-ല്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രണ്ടാം വിവാഹം ചെയ്തത്. രണ്ടാ വിവാഹം നടത്തണമെങ്കില്‍ അന്ധേരിയിലെ ഫഌറ്റിന്റെ പകുതി ഉടമസ്ഥാവകാശം തങ്ങള്‍ക്കു സമ്മാനമായി നല്‍കണമെന്ന് മകനും ഭാര്യയും ആവശ്യപ്പെടുകയും കുടുംബത്തില്‍ സമാധാനം ഉണ്ടാകാന്‍ പിതാവ് ഇത് അംഗീകരിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനു ശേഷം വയോധികനായ പിതാവിനെ മക്കള്‍ പരിപാലിക്കുകയും അതേസമയം പിതാവിന്റെ രണ്ടാം ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തതാണ് നിയമ പോരില്‍ കലാശിച്ചത്.
രക്ഷിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണ, ക്ഷേമ നിയമം-2017 പ്രകാരം വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ നിയമപരമായി ബാധ്യതയാണ്. ഇവരെ ഉപേക്ഷിക്കുന്നത് ഈ നിയമപ്രകാരം ക്രിമിനല്‍ കുറ്റവുമാണ്. 60 വയസ്സിനു മുകളില്‍ പ്രായമുള്ള മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും മക്കളില്‍ നിന്നും വളര്‍ത്തു മക്കളില്‍ നിന്നും സംരക്ഷണം തേടാം. 10,000 രൂപ വരെ ജീവനാംശം ലഭിക്കും. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവാണ് ശിക്ഷ. മക്കളില്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ സ്വത്തുകള്‍ സംരക്ഷിക്കുന്നവരോ അവകാശികളോ ആയ ബന്ധുവില്‍ നിന്നും ജീവനാംശം തേടാം.